ഈ ആദിവാസിക്കുടികൾ കാർമേഘപ്പേടിയിൽ
text_fieldsമാങ്കുളം: മാനത്ത് കാർമേഘം രൂപപ്പെടുന്നതോടെ ആശങ്കയിലാകുകയാണ് മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ ഒരു പ്രദേശത്തുള്ളവർ. വേനൽക്കാലത്ത് അരക്കൊപ്പം വരെ വെള്ളത്തിലിറങ്ങി വേണം വീടുകളിൽ നിന്ന് പുറത്തെത്താൻ. മഴക്കാലത്ത് വീട്ടിൽതന്നെ കഴിച്ചുകൂട്ടണം. ഇതാണ് കള്ളക്കുട്ടികുടി, പാറക്കുടി, മാങ്ങാപ്പാറക്കുടി, കുവൈത്ത്സിറ്റി എന്നിവിടങ്ങളിലുള്ളവരുടെ ദുര്യോഗം. കള്ളക്കുട്ടികുടി, പാറക്കുടി, മാങ്ങാപ്പാറക്കുടി എന്നിവിടങ്ങളിലും കുവൈറ്റ് സിറ്റിയില്‍ നല്ലതണ്ണിയാറിന് കുറുകേയും പാലം ഇല്ലാത്തതാണ് പ്രശ്നം.
കുവൈത്ത്സിറ്റിയില് നല്ലതണ്ണിയാറിന് കുറുകേയുണ്ടായിരുന്ന പാലവും പാറക്കുടി, കള്ളക്കുട്ടികുടി തുടങ്ങിയ ഇടങ്ങളിലുണ്ടായിരുന്ന പാലവും 2018, 2019 വർഷത്തെ പ്രളയങ്ങളിൽ തകര്‍ന്നു. മാങ്ങാപ്പാറക്കുടിയിലേക്ക് വാഹന ഗതാഗതം സാധ്യമാകുന്ന പാലം ഇനിയും നിര്‍മിച്ചിട്ടില്ല. പാലങ്ങളുടെ കുറവ് മഴക്കാലത്ത് ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ വലക്കുകയാണ്. കഴിഞ്ഞ മഴക്കാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഈ വേനല്‍ക്കാലത്തെങ്കിലും പാലങ്ങളുടെ നിര്‍മാണം നടത്തണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
വാഹനങ്ങൾ പുഴകീറി അക്കരക്ക്
മാങ്ങാപ്പാറക്കുടിക്കാര്ക്ക് നടപ്പാലം മാത്രമാണുള്ളത്. പാലം നിര്‍മിക്കണമെന്ന് ആവശ്യമുയരുന്ന പുഴക്ക് കുറുകെ വേനല്‍ക്കാലത്ത് വാഹനങ്ങള്‍ പുഴയിലൂടെ തന്നെ അക്കരയിക്കരെ കടക്കും. എന്നാല്‍, മഴക്കാലത്ത് യാത്ര പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിലാണ് വാഹന ഗതാഗതം സാധ്യമാകും വിധം പുഴക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന ആവശ്യമുയരുന്നത്.
പഞ്ചായത്തിലെ മാങ്ങാപ്പാറ കുടിയിലേക്ക് വാഹനങ്ങള്‍ എത്തണമെങ്കില്‍ പുഴ മുറിച്ചുകടക്കണം. മാങ്ങാപ്പാറക്കുടി ഉൾപ്പെടുന്ന പ്രദേശം പഞ്ചായത്തിലെ ഒന്നാം വാര്‍ഡാണ്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസി ഇടങ്ങളിലൊന്നുമാണ് മാങ്ങാപ്പാറക്കുടി. കുടിയില്‍നിന്ന് ആനക്കുളത്തെത്തിയാണ് ഇവിടുത്തുകാരുടെ പുറംലോകത്തേക്കുള്ള യാത്ര. ആനക്കുളത്തുനിന്ന് പരിമിതമായ യാത്രാസൗകര്യമേ മാങ്ങാപ്പാറയിലേക്കുള്ളു. മഴക്കാലത്താണ് പാലത്തതിന്റെ അഭാവമാണ് ആദിവാസി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. മഴ കനത്താല്‍ കുട്ടികളുടെ സ്കൂള്‍ യാത്രയും ആശുപത്രിയിലെത്താനുള്ള രോഗികളുടെ യാത്രയും ക്ലേശകരമാകും.
പാലം കാത്ത് കള്ളക്കുട്ടി കുടിക്കാര്
2018ലെ പ്രളയത്തിലാണ് കള്ളക്കുട്ടി കുടിയിലേക്കുള്ള പാലവും തകര്‍ന്നത്. വേനല്‍ക്കാലത്ത് പുഴയില്‍ ഒഴുക്ക് കുറയുന്നതോടെ കുടുംബങ്ങള്‍ക്ക് പുഴ മുറിച്ചുകടന്ന് അക്കരെയിക്കരെയെത്താം.
എന്നാല്‍, മഴക്കാലമാരംഭിക്കുന്നതോടെ താൽക്കാലിക ഈറ്റപ്പാലമൊരുക്കുകയാണ് കുടുംബങ്ങള്‍ ചെയ്യുന്നത്. ഈ മഴക്കാലത്തും കുതിച്ചൊഴുകുന്ന കാട്ടാറിന് കുറുകേ സാഹസികമായാണ് ആദിവാസി കുടുംബങ്ങള്‍ ഈറ്റപ്പാലം കടന്നത്.
അവശ്യവസ്തുക്കള്‍ വാങ്ങാനുള്‍പ്പെടെ കുടുംബങ്ങള്‍ക്ക് പുറത്തെത്തണമെങ്കില്‍ മഴക്കാലത്ത് ഈ ഈറ്റപ്പാലത്തെ ആശ്രയിക്കണം.
പ്രളയമെടുത്ത പാലങ്ങൾ...
പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പാറക്കുടിയിലേക്കുള്ള പാലം തകര്‍ന്നത് 2018ലും 2019ലും ഉണ്ടായ പ്രളയങ്ങളിലാണ്. നടപ്പാലമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. 2018ലെ പ്രളയത്തില്‍ കരിന്തിരി പുഴയില്‍ വെള്ളമുയര്‍ന്നതോടെ പാലം ഭാഗീകമായി തകര്‍ന്നു. 2019ല്‍ പെരുമഴക്കാലത്ത് പാലം പൂര്‍ണമായി ഒലിച്ചു പോയി. മഴക്കാലത്ത് ഈറ്റ ഉപയോഗിച്ച് താത്കാലിക തൂക്കുപാലം നിര്‍മിച്ചാണ് കുടുംബങ്ങളുടെ സാഹസിക യാത്ര. വേനല്‍ക്കാലത്ത് പുഴയിലൂടെയിറങ്ങി അക്കരെയിക്കരെ കടക്കും. പത്ത് കുടുംബങ്ങളാണ് പാറക്കുടിയിലുള്ളത്. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും ആശുപത്രിയില്‍ പോകുന്നതിനുമെല്ലാം മഴക്കാലത്ത് ഇവര്‍ വളരെ പ്രയാസപ്പെടണം. നടപ്പാലമെങ്കിലും നിര്‍മിച്ച് നല്‍കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
കുവൈത്ത് സിറ്റിക്കാർക്കിപ്പോൾ വളഞ്ഞവഴി
കുവൈത്ത്സിറ്റിയിലെ പാലവും പ്രളയമാണ് കവര്‍ന്നത്. കുവൈറ്റ് സിറ്റിയില്‍ നല്ലതണ്ണിയാറിന് കുറുകേയുണ്ടായിരുന്ന പാലമാണ് തകർന്നത്. പെരുമ്പന്‍കുത്ത്-ആനക്കുളം റോഡില്‍ ഇപ്പോഴുള്ള കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുന്നതിനു മുമ്പ് പെരുമ്പന്‍കുത്തില്‍നിന്ന് ആനക്കുളത്തേക്ക് ആളുകളും വാഹനങ്ങളുമൊക്കെ സഞ്ചരിച്ചിരുന്നത് നല്ലതണ്ണിയാറിന് കുറുകേ കുവൈറ്റ് സിറ്റിയുമായി ബന്ധിപ്പിച്ചിരുന്ന പഴയപാലത്തിലൂടെയായിരുന്നു. 2019 ലെ വര്‍ഷകാലത്ത് പുഴയില്‍ വെള്ളമുയര്‍ന്നതോടെ പാലം തകര്‍ന്നു. നല്ലതണ്ണിയാറിന് മറുകരയുള്ള ശേവല്കടി, തൊണ്ണൂറ്റാറ്, കുവൈറ്റ്സിറ്റി തുടങ്ങിയ ഇടങ്ങളിലെ ആളുകള്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നത് പെരുമ്പന്‍കുത്തിലെ റേഷന്‍കടയിൽ നിന്നാണ്. പാലം തകര്‍ന്ന് ഇതുവഴിയുള്ള യാത്ര അവസാനിച്ചതോടെ കുടുംബങ്ങള്‍ പുതിയ പാലത്തിലൂടെ അധിക ദൂരം ചുറ്റിസഞ്ചരിച്ച് റേഷന്‍കടയില്‍ എത്തേണ്ട സ്ഥിതിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.