ആന, കാട്ടുപോത്ത്; ആശങ്ക ഒഴിയാതെ മാങ്കുളം
text_fieldsഅടിമാലി: വന്യമൃഗ ശല്യത്താൽ പ്രയാസപ്പെട്ട് മാങ്കുളം നിവാസികൾ. മാങ്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പലതവണ കാട്ടുപോത്ത് ഇറങ്ങി.കാട്ടാനയിറങ്ങാത്ത ദിവസങ്ങളില്ല, കാട്ടുപന്നി, മ്ലാവ്, മലയണ്ണാൻ എന്നിവയുടെ ശല്യവുമുണ്ട്. നാലുവശവും വനത്തോടു ചേർന്നു കിടന്നിട്ടും ഇതുവരെയില്ലാത്ത രീതിയിൽ വന്യജീവി ശല്യം നേരിടുകയാണ് മാങ്കുളത്തുകാർ. കാർഷിക വിളകൾ നശിപ്പിക്കുന്നതും വളർത്തുമൃഗങ്ങളെ കൊല്ലുന്നതും മാത്രമല്ല, മനുഷ്യരെ ആക്രമിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തി.
കൃഷിയിടങ്ങളിൽ മേയാൻ വിട്ട പോലെയാണ് കാട്ടാനകൾ. രണ്ടുമാസം മുമ്പ് ആനക്കുളത്ത് കാട്ടുപോത്തുകളുടെ മുന്നിൽപെട്ട ആദിവാസി യുവാക്കൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അതുപോലെ ആനക്കുളത്ത് സ്കൂളിന് സമീപം വരെ കാട്ടാനക്കൂട്ടം എത്തിയത് പരിഭ്രാന്തി പരത്തിയിരുന്നു. വനാതിർത്തിയിൽ സൗരോർജ വേലി, കിടങ്ങ് എന്നിവ സ്ഥാപിക്കുമെന്ന് വനം അധികൃതർ ഉറപ്പ് നൽകിയിരുന്നു. വന്യജീവികളെ നിയന്ത്രിക്കാൻ പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, വന്യജീവികളുടെ ആക്രമണത്തിൽ നഷ്ടമാകുന്ന വിള നഷ്ടം നികത്താൻ ഓരോ വർഷവും വീണ്ടും വീണ്ടും കൃഷി ചെയ്യുകയാണ് കർഷകർ. രാത്രിയിൽ ഇറങ്ങുന്ന വന്യജീവികളുടെ മുന്നിൽനിന്നും ഓടി രക്ഷപ്പെടാൻ തെരുവുവിളക്കുപോലും ഇല്ലെന്നു ഇവർ കുറ്റപ്പെടുത്തുന്നു.
പരാതി പറഞ്ഞു മടക്കുന്നതല്ലാതെ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. കർഷകർ കൂടുതലായി താമസിക്കുന്ന മേഖലയിൽ വന്യജീവികളുടെ ആക്രമണംമൂലം കൃഷി നിർത്തുകയാണ് പലരും. സൗരോർജവേലി, കിടങ്ങ് എന്നിവ സ്ഥാപിച്ച് വനാതിർത്തിയിൽ അതിരിട്ടാൽ വന്യജീവികൾ ഇറങ്ങുന്നത് ഒഴിവാക്കാം. അതിനിടെ, കാട്ടാനകൾ കൂട്ടത്തോടെ എത്തുന്ന ആനക്കുളം ഓരിനോട് ചേർന്ന ഉരുക്കുവടം പദ്ധതിയും വിവാദത്തിലാണ്. വിനോദസഞ്ചാര കേന്ദ്രമായി മാറിയ ഇവിടെ സഞ്ചാരികളുടെ സുരക്ഷക്കും നാട്ടുകാരുടെ സംരക്ഷണത്തിനുമാണ് ഉരുക്കുവടം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. പുഴയോട് ചേർന്നും ഗ്രൗണ്ട് കഴിഞ്ഞ് റോഡിനോട് ചേർന്നും പദ്ധതി നടപ്പാക്കിയാൽ മതിയെന്ന തർക്കമാണ് ഉടലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.