കാട്ടാനക്കൂട്ടം വിലസി; കാന്തല്ലൂരില്‍ 20 ഏക്കറിലെ കൃഷി നശിപ്പിച്ചു
text_fieldsമറയൂർ: കാന്തല്ലൂര്‍ ആടിവയല്‍ പ്രദേശത്ത് കാട്ടാനക്കൂട്ടം ഏക്കര്‍ കണക്കിന് ബീന്‍സ്, വെളുത്തുള്ളി കൃഷി നശിപ്പിച്ചു. കർഷകർ വഴിപാട് നടത്തിവരുന്ന ക്ഷേത്രത്തിലെ കാവൽക്കാരന്റെ വിഗ്രഹവും തകർത്തു. വിളവെടുപ്പ് ആരംഭിച്ച കാന്തല്ലൂരിലെ 20 ഏക്കറോളം കൃഷിഭൂമിയാണ് ഒറ്റരാത്രി നാമാവശേഷമാക്കിയത്. കാന്തല്ലൂര്‍ പഞ്ചായത്ത് ഓഫിസിന് താഴ്ഭാഗത്തെ കൃഷിഭൂമികളാണ് വനാതിര്‍ത്തി കടന്നെത്തിയ ആനകൾ നശിപ്പിച്ചത്.
ജനവാസ കേന്ദ്രങ്ങളും കടന്നാണ് മാസങ്ങളായി കാട്ടാനകൾ ഗ്രാന്റീസ് തോട്ടങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ റാപിഡ് റെസ്പോണ്‍സ് ടീമിനെയും വാച്ചര്‍മാരെയും നിയമിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
വായ്പയെടുത്തും കുടുംബശ്രീ ഉള്‍പ്പെടെ സംവിധാനങ്ങളില്‍നിന്ന് കടം വാങ്ങിയുമാണ് കര്‍ഷകര്‍ വിളവിറക്കിയിരിക്കുന്നത്. മഴ ഇല്ലാത്തതിനാല്‍ വളരെ പ്രയാസപ്പെട്ടാണ് വിളകള്‍ നനച്ച് വളർത്തിയതെന്ന് കർഷകർ പറയുന്നു. ആടിവയലിനുസമീപത്തെ തമിഴ് ആരാധനാമൂര്‍ത്തിയായ കാവല്ക്കാരന് ദൈവത്തിന്റെ ആരാധനാലയത്തിനും ആനകൾ കേടുപാടുകള്‍ വരുത്തി. സമീപ കാലത്തായി 20 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയതായി കര്‍ഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.