ഓട്ടോറിക്ഷ ഡ്രൈവർക്കുനേരെ വധശ്രമം; അഞ്ചുപേര്‍ അറസ്റ്റില്‍
text_fieldsമറയൂര്‍: തിരികെക്കിട്ടാനുള്ള പണം ചോദിച്ചപ്പോള്‍ ഓട്ടോ ഡ്രൈവറെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കാന്തല്ലൂര്‍ ഗുഹനാഥപുരം സ്വദേശി ഓട്ടോ ഡ്രൈവർ പ്രതാപിനാണ് (26) വെട്ടേറ്റത്.
സംഭവത്തിൽ മറയൂര്‍ പുളിക്കര വയല്‍ സ്വദേശിയും കാപ്പാ ചുമത്തി ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് നേരിടുന്ന സൂര്യ (23), ഭാരതി രാജ് (26), മുത്തുകുമാര്‍ (18), അജിത്ത് (20), വിനോദ് (21) എന്നിവരെ തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ പൊലീസ് പിടികൂടി.
കാന്തല്ലൂര്‍ സ്വദേശിയായ പ്രതാപിന്‍റെ ഓട്ടോ ഒന്നാം പ്രതി സൂര്യയുടെ സഹോദരന്‍ വാങ്ങിയിരുന്നു. ഇതിന്‍റെ 5000 രൂപ ബാക്കി നല്‍കാനുണ്ടായിരുന്നു. നിരവധി തവണ ചോദിച്ചെങ്കിലും നല്‍കിയില്ല. കഴിഞ്ഞദിവസം പണം ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ കോവില്‍ക്കടവ് ചെറുവാട് പ്രവര്‍ത്തനം നിലച്ച ശര്‍ക്കര ഫാക്ടറിയുടെ സമീപം എത്താൻ ആവശ്യപ്പെട്ടു.
ഇവിടെ സൂര്യയുടെ നേതൃത്വത്തിൽ സംഘം ആക്രമിച്ചു. പരിക്കേറ്റ് പ്രതാപും ഒപ്പം ഉണ്ടായിരുന്ന പ്രമോദും കരിമ്പിന്‍കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട് പൊലീസിനെ ഫോണ്‍ ചെയ്ത് വിവരം കൈമാറി.
പൊലീസ് എത്തിയപ്പോഴേക്കും സൂര്യയും കൂട്ടരും കടന്നു കളഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയത്. പരിക്കേറ്റ പ്രതാപ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മറയൂര്‍ ഇന്‍സ്പെക്ടര്‍ പി.ടി. ബിജോയുടെ നേതൃത്വത്തിൽ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.