പട്ടിശ്ശേരി അണക്കെട്ട് നിർമാണം പുരോഗമിക്കുന്നു
text_fieldsമറയൂര്‍: കാര്‍ഷിക ആവശ്യത്തിനായി കാന്തല്ലൂര്‍ ഗുഹനാഥപുരത്തെ പട്ടിശ്ശേരി അണക്കെട്ട് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. നിലവില്‍ 54 ശതമാനം ജോലിയാണ് പൂര്‍ത്തിയായത്. 13 ഹെക്ടര്‍ സ്ഥലത്താണ് വെള്ളം ശേഖരിക്കുക.
2014ലാണ് നിർമാണം ആരംഭിച്ചത്. 2022 മാര്‍ച്ചോടെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. പണി ആരംഭിച്ചപ്പോള്‍ 26 കോടിയുടെ പദ്ധതി നടപ്പാക്കിയെങ്കിലും ആദ്യഘട്ടം ചെലവേറിയതിനെ തുടര്‍ന്ന് പാതിവഴിയില്‍ മുടങ്ങി. കരാറുകാരന് ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെ ഒരുവര്‍ഷത്തിന് ശേഷം പിന്നീട് 20 കോടി അധികം അനുവദിച്ചതോടെയാണ് പണി പുനരാരംഭിച്ചത്. 140 മീറ്റര്‍ നീളവും 33 മീറ്റര്‍ ഉയരത്തിലുമാണ് അണക്കെട്ട് നിര്‍മാണം. സംഭരിക്കുന്ന വെള്ളം കീഴാന്തൂര്‍, കാരയൂര്‍, മാശിവയല്‍ മേഖലയിലെ കാര്‍ഷികാവശ്യത്തിന് തുറന്നുവിടും.
നിർമാണം പൂര്‍ത്തീകരിച്ച് വെള്ളം സംഭരിക്കുമ്പോള്‍ പുതിയൊരു വിനോദസഞ്ചാര കേന്ദ്രമായി പട്ടിശ്ശേരി അണക്കെട്ട് മാറും. ബോട്ടിങ്, ഗാര്ഡന് എന്നിവക്കും പദ്ധതി ഒരുക്കും. വിനോദസഞ്ചാരികളുടെ സൗകര്യം അനുസരിച്ച് എല്ലാ പദ്ധതികളും ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. മോഹന്‍ദാസ് പറഞ്ഞു.
ആറ് പതിറ്റാണ്ടിലധികമായി ജലസേചനത്തിനായി കര്‍ഷകര്‍ പട്ടിശ്ശേരി ഡാമിനെയാണ് ആശ്രയിച്ചിരുന്നത്. ജലസംഭരണ ശേഷി വർധിപ്പിച്ച് പ്രദേശത്തെ കാര്‍ഷിക-വിനോദസഞ്ചാര മേഖലകൾക്ക് കരുത്ത് പകരും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കാന്തല്ലൂര്‍, ആടിവയല്‍, കീഴാന്തൂര്‍, മാശിവയല്‍, കാരയൂര്‍, പയസ്നഗര്‍ തുടങ്ങിയ പ്രദേശത്തെ ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങള്‍ക്ക് പച്ചപ്പ് പകരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.