കോവിഡ്: മറയൂര്‍ ചന്ദനലേലം വൈകും
text_fieldsമറയൂര്‍: കോവിഡ് രണ്ടാം തരംഗം ശക്തമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ മറയൂര്‍ ചന്ദനലേലം വൈകും. രാജ്യത്തിനകത്തും പുറത്തുനിന്നും ഒട്ടേറെ കമ്പനികളും ക്ഷേത്രങ്ങളും മറ്റ് സ്ഥാപനങ്ങളും ലേലത്തില്‍ പങ്കെടുത്തിരുന്നു. ഇത്തരത്തില്‍ പ്രതിവര്‍ഷം രണ്ടോ മൂന്നോ തവണയായി നടക്കുന്ന ലേലങ്ങളിലായി 100 കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ ഖജനാവിൽ എത്തിയിരുന്നത്.
എന്നാല്‍, ഇത്തവണ കോവിഡ് നിയന്ത്രണത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതാണ് ലേലം വൈകാന്‍ കാരണം. 2012-2013 കാലഘട്ടം വരെ മറയൂരിലെ ചന്ദനലേലം നടക്കുമ്പോള്‍ ആവശ്യക്കാര്‍ ഡിപ്പോയില്‍ നേരിട്ടെത്തി ചന്ദനത്തടികള്‍ പരിശോധിച്ച് ലേലം പിടിക്കുകയായിരുന്നു.
എന്നാല്‍, ഇതിനുശേഷം ഓണ്‍ലൈന്‍ ലേലമാക്കി അന്താരാഷ്ട്ര തലത്തില്‍നിന്നും ആവശ്യക്കാര്‍ ലേലത്തില്‍ പങ്കെടുക്കുംവിധം സൗകര്യം ഒരുക്കി. ഓണ്‍ലൈന്‍ ലേലം രണ്ട് ദിവസമായി നാല് ഘട്ടമായാണ് നടക്കുന്നത്. ഓണ്‍ലൈന്‍ ലേലത്തിലും മികച്ച വിറ്റുവരവാണ് ഉണ്ടായിരുന്നത്.
ലോക്ഡൗണായ സാഹചര്യത്തില്‍ വനത്തിനുള്ളില്‍നിന്ന് കടപുഴകി വീഴുന്നതും ഉണങ്ങിയതുമായ ചന്ദനമരങ്ങള്‍ ശേഖരിക്കാന്‍ വൈകിയതും പ്രധാന പ്രതിസന്ധിയായി. പ്രധാനമായും ചന്ദന ലോട്ടുകള്‍ ഒരുക്കുന്നത് മറയൂര്‍ മേഖലയിലെ ആദിവാസിക്കുടികളില്‍ നിന്നുമുള്ളവരാണ്. ഇവിടെയും രോഗവ്യാപനമുണ്ടാകുകയും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലും യഥാസമയം ലോട്ടുകള്‍ ഒരുക്കുന്നതിലും കാലതാമസമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.