ആറ്റിൽ വെള്ളം വറ്റി; നാച്ചിവയലിൽ ശുദ്ധജലക്ഷാമം
text_fieldsമറയൂർ: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ നാച്ചിവയൽ ഗ്രാമത്തിന് ക്ഷാമം താൽക്കാലിമായി പരിഹരിക്കാൻ ഹോസ് ഇട്ട് വെള്ളം എത്തിക്കാൻ തുടങ്ങി. ബ്ലോക്ക് പഞ്ചായത്തംഗം വിജയ് കാളിദാസ്, പഞ്ചായത്തംഗം ബി. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലാണ് വനം വകുപ്പിലെ താൽക്കാലിക ആവശ്യത്തിന് ഹോസ് വാങ്ങി മലമുകളിലെ നീരുറവയുള്ള സ്ഥലത്തുനിന്നും ഹോസ് ഇട്ട് വെള്ളം എത്തിച്ചത്.
വർഷങ്ങൾക്കു മുമ്പ് ഇവിടെ നടപ്പാക്കിയ ജലനിധി പദ്ധതിയിലെ അശാസ്ത്രീയ നിർമാണവും ഗുണനിലവാരമില്ലാത്ത പൈപ്പുകളുമാണ് ഇപ്പോഴത്തെ അവസ്ഥയിലേക്കെത്തിച്ചത്. പൈപ്പുകൾ അകത്തും പുറത്തും ഒരേപോലെ തുരുമ്പെടുത്തപ്പോൾ തുള്ളി വെള്ളംപോലും വരാതായെന്ന് പ്രദേശവാസികൾ പറയുന്നു. ഇപ്പോൾ കടുത്ത വേനൽ അനുഭവപ്പെടുന്നതിനാൽ മലനിരകളിൽ നിറവുകൾ എല്ലാം തന്നെ വറ്റിത്തുടങ്ങി.
ജലനിധി പൈപ്പ് സ്ഥാപിച്ചിരുന്ന മലമുകളിലെ ഓടയിൽ നീരുറവ് പൂർണമായും വറ്റിയതിനാൽ സമീപത്ത് നീരുറുവുള്ള സ്ഥലത്തുനിന്നുമാണ് താൽക്കാലികമായി ഹോസ് സ്ഥാപിച്ചു വെള്ളം എത്തിക്കുന്നത്.
ഈ വെള്ളവും ജലസംഭരണിയിൽ എത്തുമ്പോൾ പകുതിയോളം നഷ്ടമാകുന്നതിനാൽ എല്ലാവർക്കും ഒരേസമയത്ത് ശുദ്ധജലം ലഭ്യമാക്കാനും പ്രയാസമാണ്. എന്നാലും വനം വകുപ്പ് ഹോസ് നൽകി സഹായിച്ചതിനാൽ ഒരു പരിധിവരെ ഈ വേനൽക്കാലത്ത് നാച്ചിവയൽ ഗ്രാമക്കാർക്ക് ശുദ്ധജലം നൽകാനാവുമെന്ന് പഞ്ചായത്തംഗം ബി. മണികണ്ഠൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.