23 വർഷമായി ഭൂമി സ്വന്തം; നട്ടമരം മുറിക്കാൻ നിയമതടസ്സം
text_fieldsമറയൂർ: ആദിവാസികൾക്കായി സർക്കാർ നൽകിയ ഭൂമിയിൽ വെച്ചുപിടിപ്പിച്ച മരം വെട്ടാൻ അനുവദിക്കാതെ വനം വകുപ്പ് തടസ്സം നിൽക്കുന്നതായി പരാതി. 2001ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മറയൂരിൽ 244 കുടുംബത്തിന് പുനരധിവാസം എന്ന നിലയിൽ മറയൂർ ബാബുനഗറിന് സമീപവും കോളനിക്ക് സമീപവുമായി ആദിവാസികളിൽ ഒരു കുടുംബത്തിന് ഒന്നര ഏക്കർ സ്ഥലം പതിച്ചു നൽകിയത്.
ഈ സ്ഥലങ്ങളിൽ ഇപ്പോൾ 150 താഴെ കുടുംബം മാത്രമാണ് താമസിക്കുന്നത്. കൃഷി ചെയ്തു വരുന്നുണ്ടെങ്കിലും വന്യമൃഗങ്ങളുടെ ശല്യത്തിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വിഷമിക്കുകയാണ് ആദിവാസികൾ. കൃഷി ചെയ്യാൻ കഴിയാതായ സാഹചര്യത്തിൽ ആദിവാസി കുടുംബങ്ങളും സിൽവർ റോക് (ചവുക്ക) മരങ്ങൾ വെച്ചുപിടിപ്പിച്ചു. ഈ മരങ്ങളെല്ലാം 10 വർഷത്തിനുമുമ്പ് വെച്ചുപിടിപ്പിച്ച് നിലയിൽ ഇപ്പോൾ എല്ലാം മരങ്ങളും തന്നെ 50 അടിപ്പൊക്കം വളർന്നുനിൽക്കുകയാണ്.
ഈ മരങ്ങൾ വെട്ടി വിൽക്കാൻ അനുവാദത്തിനായി (പാസ്) അപേക്ഷ നൽകുമ്പോൾ വനം വകുപ്പ് നിരസിക്കുകയാണെന്ന് ആദിവാസികൾ പറയുന്നു. സർക്കാർ നൽകിയ പട്ടയത്തിലെ ഭൂമിയിലുള്ള മരങ്ങൾ വെട്ടിമാറ്റാൻ ഉടമസ്ഥർക്ക് അവകാശമില്ലെന്നാണ് വനംവകുപ്പ് നിലപാട്. പട്ടയത്തിൽ ഇത്തരത്തിൽ നിബന്ധനയുണ്ടത്രേ.
ഇവർ കൃഷി ചെയ്ത ദേഹണ്ഡങ്ങൾ വെട്ടിമാറ്റാനുള്ള അവകാശം ഉണ്ടെന്ന നിലയിൽ തടസ്സപ്പെടുത്തുന്നത് ന്യായമല്ലെന്നാണ് ആദിവാസികളുടെ ന്യായം. ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യമാണ് വനംവകുപ്പിന്റേതെന്ന് മരം വെട്ടാൻ അപേക്ഷ നൽകിയവരിൽ ഒരാളായ ആദിവാസി സെൽവം മാർകൻ പറഞ്ഞു.
നിയമം അനുവദിക്കുന്നില്ല -മറയൂർ ഡി.എഫ്.ഒ
മറയൂരിൽ ആദിവാസികൾക്ക് നൽകിയ ഭൂമി 51 ബ്ലോക്കിൽപെട്ട ചന്ദന റിസർവാണ്. 2001ൽ ഇവർക്ക് പതിച്ചു നൽകിയെങ്കിലും 2005 വനനിയമപ്രകാരം ഇത് വനഭൂമിയായി തന്നെ കിടക്കുകയാണ്. അതിനാൽ നിയമപരമായി അനുമതി നൽകാനാകില്ല. പട്ടികജാതി-വർഗ വകുപ്പ്, പഞ്ചായത്ത് എന്നിവരുടെ ഇടപെടലിൽ പരാതി പരിഹരിച്ച് ഇവർക്ക് പതിച്ചു നൽകിയ ഭൂമിയിൽ മരം ഉൾപ്പെടെയുള്ളവ മുറിക്കാനുള്ള അനുവാദം നൽകാനുള്ള നടപടി സ്വീകരിക്കാവുന്നതാണ്. ആദിവാസികളുടെ ഉപജീവനം മാർഗത്തിന് തടസ്സം നിൽക്കില്ലെന്നും 23 വർഷമായി ഭൂമിയുടെ അവകാശികളായ ഇവർക്ക് എല്ലാ സഹായസഹകരണവും നൽകുമെന്നും ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ (ഡി.എഫ്.ഒ) എം.ജി. വിനോദ്കുമാർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.