ഭ്രമരം വ്യൂ പോയൻറ് ഏറ്റെടുക്കാൻ വനംവകുപ്പ് നീക്കം; എതിർപ്പുമായി പഞ്ചായത്ത്
text_fieldsമറയൂര്‍: മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലെ പ്രധാന വിനോദസഞ്ചാര മേഖലകളില്‍ ഒന്നായ ഭ്രമരം വ്യൂ പോയൻറ് ഏറ്റെടുക്കാൻ വനംവകുപ്പ് നീക്കം. എന്നാൽ, വ്യൂ പോയൻറ് അടക്കാന്‍ അനുവദിക്കില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
2009ല്‍ ചിത്രീകരിച്ച ഭ്രമരം സിനിമയുടെ പ്രധാന ലൊക്കേഷനാണ് കാന്തല്ലൂര്‍ പഞ്ചായത്തിലെ കുളച്ചിവയലിനു സമീപമുള്ള ഈ സ്ഥലം. മറയൂര്‍ മേഖലയും കൃഷിഭൂമിയും മലകളുടെ കാഴ്ചകളും ഉള്‍പ്പെടെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ ഇവിടെ വരുന്നത് പതിവാണ്.
ഇതിനിടയിലാണ് പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷ ഇവിടെ കൊക്കയില്‍ ചാടി മരിക്കുകയും മറയൂര്‍ സ്വദേശിനിയായ യുവതിയെ കൈഞരമ്പുകള്‍ മുറിച്ച് ഗുരുതരാവസ്ഥയിലും കണ്ടത്. തുടര്‍ന്ന് കഴിഞ്ഞദിവസം കാന്തല്ലൂര്‍ റേഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഇത് വനഭൂമിയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. മോഹന്‍ദാസ് ഉള്‍പ്പെടെയുള്ള പഞ്ചായത്ത് അംഗങ്ങളെത്തി അന്വേഷണം നടത്തിയതിൽ വ്യൂ പോയൻറ് കുളച്ചിവയലിലെ ആദിവാസി പളനിസ്വാമിയുടെ കൈവശമാണ്. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് 20 രൂപ ടിക്കറ്റ് നിരക്കും ഇദ്ദേഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പളനിസ്വാമിയുടെ കൈയില്‍ ഈ സ്ഥലത്തിന് പട്ടയം ഉള്ളതായും പറയപ്പെടുന്നു. എന്നാല്‍, വനംവകുപ്പ് തങ്ങളുടെ ഭൂമിയാണെന്ന് അവകാശപ്പെടുന്നു.
താല്‍ക്കാലികമായി ടിക്കറ്റ് നിരക്ക് ഈടാക്കരുതെന്നും എന്നാല്‍, സഞ്ചാരികളെ അനുവദിക്കണമെന്നും വനംവകുപ്പ് നിർദേശിച്ചിട്ടുണ്ട്. സ്ഥലത്തിെൻറ രേഖ പരിശോധിച്ച് പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും ആരുടെ കൈവശം ആയാലും വ്യൂ പോയൻറ് വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് പി.ടി. മോഹന്‍ദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.