മറയൂർ മലനിരകളിൽ കാട്ടുതീ പടരുന്നു
text_fieldsമറയൂർ: വേനൽ കടുത്തതോടെ മറയൂർ മേഖലയിൽ വ്യാപകമായി കാട്ടുതീ പടരുന്നു. കഴിഞ്ഞ ആഴ്ച മുതൽ തുടർച്ചയായി ദിവസവും കാട്ടുതീ പടരുന്ന സാഹചര്യമാണ്. ശനിയാഴ്ച മാത്രം മറയൂർ ചന്ദന റിസർവ് ഉൾപ്പെടെ ആറ് സ്ഥലങ്ങളിലായി കാട്ടുതീ ഉണ്ടായി. മറയൂർ ചന്ദന ഡിവിഷനിലെ ചന്ദനക്കാടുകൾക്ക് സമീപമുള്ള പോത്തടിമല തീർഥമല, അഞ്ചുനാട്ടാൻ പാറ, ചെമ്പട്ട മല എന്നീ മലനിരകൾ ഉൾപ്പെടെയുള്ള വനമേഖലയിലാണ് കാട്ടുതീ പടരുന്നത്. കാട്ടുതീ പടർന്നതിൽ വനസസ്യങ്ങളും വന്യമൃഗങ്ങളുമടക്കം ഉൾപ്പെട്ടിട്ടുണ്ട്.
ഒരേസമയത്ത് ഇത്രയും മലനിരകളിൽ വ്യാപകമായി കാട്ടുതീ പടരുന്നത് വനം വകുപ്പിന്റെ അനാസ്ഥ മൂലമാണെന്നാണ് നാട്ടുകാരുടെ ആരോപണം. മുമ്പ് പ്രദേശവാസികളുമായി സഹകരണം ഉണ്ടായതും വനസംരക്ഷണസമിതി വിപുലമായി പ്രവർത്തിച്ചിരുന്നതും ഒരു പരിധിവരെ കാട്ടുതീയെ തടഞ്ഞു നിർത്താൻ സഹായകരമായിരുന്നു. ഉയരം കൂടിയ മലനിരകൾ ആയതിനാൽ അഗ്നി രക്ഷാ സേനക്കുൾപ്പെടെ സാങ്കേതിക സംവിധാനം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്.
ശനിയാഴ്ച മുതൽ പല വനമേഖലകളിലും കാട്ടു തീ പടരുന്നുണ്ട്. ചില സ്ഥലങ്ങളിൽ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ആളിപ്പടരുകയായിരുന്നു. ചന്ദന റിസർവിന് സമീപത്തെ തീ അണച്ചില്ലെങ്കിൽ ആയിരക്കണക്കിന് ചന്ദനമരങ്ങളും കത്തി നശിക്കാൻ സാധ്യതയുണ്ട്. നിലവിൽ കാണുന്നത് കാട്ടുതീ അല്ലെന്നും തീ പിടുത്ത സാധ്യത കുറയ്ക്കുന്നതിനു നടത്തുന്ന സംരക്ഷണ തീയിടലാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇപ്പോൾ പടർന്നുപിടിക്കുന്നത് കാട്ടുതീ ആണെന്നും ഇത് വനം വകുപ്പ് മറച്ചുവെക്കുകയാണെന്നും നാട്ടുകാരും ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.