ചന്ദനം വിറ്റ് സർക്കാറിന് കിട്ടിയത് 43 കോടി; കാവൽക്കാർക്ക് മൂന്നുമാസമായി ശമ്പളമില്ല
text_fieldsമറയൂർ: മറയൂരിൽനിന്ന് ചന്ദന വിൽപനയിലൂടെ കോടികൾ സർക്കാർ ഖജനാവിലേക്ക് എത്തുന്നുണ്ടെങ്കിലും ചന്ദന മരങ്ങളുടെ കാവൽക്കാരായ താൽക്കാലിക വാച്ചർമാർക്ക് മൂന്ന് മാസമായി ശമ്പളമില്ല. മേലുദ്യോഗസ്ഥർക്കും സർക്കാർ സ്ഥിരപ്പെടുത്തിയ വാച്ചർമാർക്കും മാസംതോറും കൃത്യമായി ശമ്പളം ലഭിക്കുമ്പോഴാണ് കാടിനുള്ളിൽ രാപ്പകൽ കാവൽ നിൽക്കുന്ന താൽക്കാലിക വാച്ചർമാരെ അവഗണിക്കുന്നത്.
മറയൂർ ചന്ദന ഡിവിഷനിലെ മറയൂർ, കാന്തല്ലൂർ റേഞ്ചുകളിലായി 250 ഓളം താൽക്കാലിക വാച്ചർമാരാണ് ജോലി ചെയ്യുന്നത്. ഉപജീവനത്തിന് മറ്റ് മാർഗമില്ലാതെ ഒട്ടേറെ പേർ ഈ ജോലി തന്നെ ചെയ്യാൻ നിർബന്ധിതരാകുന്നു. ചന്ദനക്കാടിനുള്ളിൽ തങ്ങൾക്കായി തിരിച്ചുനൽകിയ പ്രദേശത്ത് കണ്ണ് തെറ്റാതെ വാച്ചർമാർ ജോലി ചെയ്യണം. ഇതിൽ വന്യമൃഗഭീഷണി ഉൾപ്പെടെ അപകടങ്ങൾ ഏറെ ഉണ്ടെങ്കിലും ചന്ദനമരം സംരക്ഷിക്കുക എന്നത് ഇവരുടെ ദൗത്യമാണ്.
ഈ മാസം 11, 12, 13 തീയതികളിലായി ചന്ദനതൈലവും ചന്ദനത്തടികളും 43 കോടിക്ക് ലേലത്തിലൂടെ വിറ്റഴിച്ചെങ്കിലും ഈ തുക ചന്ദന സംരക്ഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ചെലവഴിക്കാറില്ലെന്ന് വിമർശനമുണ്ട്. താൽക്കാലിക വാച്ചർമാർക്ക് ശമ്പളം ലഭിക്കണമെങ്കിൽ സർക്കാറിൽനിന്ന് ഫണ്ട് ലഭിക്കണം. എന്നാൽ, മൂന്നുമാസമായി ഈ ഫണ്ട് ലഭിക്കാത്തതാണ് വാച്ചർമാരുടെ ശമ്പളം മുടങ്ങാൻ കാരണം.
ശമ്പളം ലഭിക്കാത്തവർക്ക് താൽക്കാലിക ആശ്വാസം മറയൂർ ചന്ദന ഡിവിഷന് കീഴിലെ പലചരക്ക് കടയാണ്. ഇവിടെനിന്ന് ഒരു വാച്ചർക്ക് മാസം 5000 രൂപയുടെ വരെ സാധനങ്ങൾ കടം വാങ്ങാം. ശമ്പളം ലഭിക്കുമ്പോൾ പണം നൽകിയാൽ മതി. എന്നാൽ, കുടുംബത്തിലെ മറ്റ് ആവശ്യങ്ങൾക്ക് പണം കണ്ടെത്തണമെങ്കിൽ മറ്റ് വഴികൾ തേടണം.
ദീപാവലിക്ക് മുമ്പ് ശമ്പളം നൽകും -ഡി.എഫ്.ഒ
താൽക്കാലിക വാച്ചർമാരുടെ മൂന്നുമാസം കുടിശ്ശികയായ ശമ്പളം ദീപാവലിക്ക് മുമ്പ് നൽകാൻ ശ്രമം നടത്തുന്നുണ്ടെന്ന് മറയൂർ ഡി.എഫ്.ഒ എം.ജി. വിനോദ്കുമാർ പറഞ്ഞു. ഇതിനായി സർക്കാറിനോട് ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തുക അനുവദിച്ചു കിട്ടിയാൽ ഉടൻ ശമ്പളം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.