കാന്തല്ലൂരിലും വട്ടവടയിലും വിളവെടുപ്പുകാലം; നിരാശയിൽ കർഷകർ
text_fieldsമറയൂർ: ഓണത്തിന് നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിൽ ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിലും വട്ടവടയിലും ഇപ്പോൾ വിളവെടുപ്പ് നടന്ന വരുകയാണ്. പച്ചക്കറികൾക്ക് വില ലഭിക്കാത്തത് കർഷകരെ ദുരിതത്തിലാക്കുന്നു. ഹോർട്ടികോർപ് തിരിഞ്ഞുപോലും നോക്കുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം. കഴിഞ്ഞദിവസം വി.എഫ്.പി.സി.കെ സംഭരണ കേന്ദ്രത്തിൽ ലേലത്തിന് എത്തിച്ച മുരിങ്ങ ബീൻസ് ഇടനിലക്കാർ വില താഴ്ത്തി ചോദിച്ചതോടെ വിറ്റഴിക്കാൻ പറ്റാതെ വന്നു.
ഒടുവിൽ ഒരു ടൺ ബീൻസ് ഇടനിലക്കാരന് നൽകി. ഇത് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി വിറ്റഴിക്കുകയും ചെയ്തു. വിളവെടുത്ത ബീൻസ് എങ്ങനെയെങ്കിലും വിറ്റഴിക്കണമെന്ന അവസ്ഥയിലാണ് തമിഴ്നാട്ടിൽ എത്തിച്ചു വിറ്റഴിച്ച ശേഷം കിട്ടുന്ന വില കർഷകർക്ക് നൽകിയാൽ മതിയെന്ന് സാഹചര്യത്തിലാണ് കയറ്റിവിട്ടത്. ഒരാഴ്ചകൂടി ഓണത്തിന് ഉള്ളപ്പോൾ സർക്കാർ സംഭരണ കേന്ദ്രങ്ങൾ ഒന്നും പച്ചക്കറികൾ എടുക്കാൻ തയാറില്ലെന്നാണ് കർഷകർ പറയുന്നത്. വർഷങ്ങളായുള്ള കുടിശ്ശിക ഹോട്ടികോർപ് ഇതുവരെ നൽകിയിട്ടില്ലെന്നുള്ള ആരോപണവും കർഷകർ ഉന്നയിക്കുന്നു. കഴിഞ്ഞയാഴ്ച ഒരുകിലോ മുരിങ്ങ ബീൻസിന് 80 രൂപ ലഭിച്ചപ്പോൾ ഈയാഴ്ച വി.എഫ്.പി.സി.കെ സംഭരണ കേന്ദ്രത്തിൽ എത്തിച്ചപ്പോൾ 20 രൂപക്കാണ് ചോദിച്ചത്. ഇത് മുടക്കുമുതൽ പോലും കിട്ടില്ല.
കൂടിയാലോചനകളില്ല; കൃഷിപ്പാടങ്ങൾ തരിശുഭൂമിയാകുന്നു
കർഷകരെ കരകയറ്റാൻ സർക്കാറിന്റെ ഒട്ടേറെ സംഭരണ കേന്ദ്രങ്ങളും വിപണികളും ഉള്ളപ്പോൾ ഇവർ ആരും പ്രദേശത്ത് എത്തി കർഷകരുമായി ആലോചന നടത്തുകയോ സംഭരിക്കാനുള്ള സംവിധാനങ്ങൾ ചെയ്യുകയോ തയറാകാത്തതാണ് ദുരിതത്തിന് കാരണം. ഇത്തരം പ്രവണത തുടരുന്നതിനാൽ കൃഷിപ്പാടങ്ങൾ എല്ലാം തരിശുഭൂമിയായി മാറി വരുകയാണ്.
സർക്കാർ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും ഇത് പ്രാവർത്തികമാകുന്നില്ല. ഓണത്തിന് നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിൽ ഏക്കറുകണക്കിന് കൃഷിപ്പാടങ്ങളിൽ പച്ചക്കറികൾ വിളഞ്ഞു നിൽക്കുമ്പോൾ വിലയില്ലാത്തതിനാൽ കൃഷിപ്പാടത്ത് കിടന്ന് നശിക്കുകയാണ്.
ഇടനിലക്കാർ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയാണ് വിപണനം നടത്തുന്നതും. അവിടെ നിന്നും വ്യാപാരികൾ വാങ്ങി തിരിച്ച് കേരളത്തിൽ എത്തിക്കേണ്ട ഗതികേടും നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.