ദാഹം തീർക്കാൻ തണ്ണിമത്തൻ പാടങ്ങളിൽ വിളവെടുപ്പ്
text_fieldsമറയൂര്‍ (ഇടുക്കി): വേനല്‍ വരവറിയിച്ചതോടെ തമിഴ്നാട്ടിലെയും- കര്‍ണാടകയിലെയും തണ്ണിമത്തന് പാടങ്ങളില്‍ വിളവെടുപ്പ് തുടങ്ങി. തമിഴ്നാട്ടിലെ പ്രധാന വേനല്‍ വിളയായി മാറിയിരിക്കുകയാണ് തണ്ണിമത്തന്. ഇതിെൻറ ഏറ്റവും വലിയ ഉപഭോക്താക്കള്‍ കേരളീയരായിരുന്നെങ്കില് കഴിഞ്ഞവര്‍ഷം മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് തണ്ണിമത്തന് ആവശ്യപ്പെട്ട് ഒട്ടേറ വ്യാപാരികള്‍ സമീപിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
മധുരക്ക് സമീപത്തെ ലിഗവാടി, മാണിക്കംപെട്ടി, നിലകോട്ടൈ, ഊത്തുപെട്ടി, രാമരാജപുരം എന്നിവിടങ്ങളിലാണ് വ്യാപകമായി തണ്ണിമത്തന് വേനല്‍വിളയായി കൃഷിചെയ്യുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വിളവെടുപ്പ്.
കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ആവശ്യക്കാര്‍ ഏറിയതോടെ മികച്ച വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കിലോഗ്രാമിന് മൂന്നുരൂപ മുതല്‍ എട്ടുരൂപ വരെയാണ് മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചതെങ്കില്‍ ഇപ്പോള്‍ 10 മുതല്‍ 15രൂപ വരെ ലഭിക്കുന്ന സാഹചര്യമുണ്ട്. തമിഴ്നാട്ടില്‍ ഹെക്ടര്‍ കണക്കിന് വരുന്ന തോട്ടങ്ങള്‍ മൊത്തമായി വിലപറഞ്ഞ് ഉടമകളില്‍നിന്ന് വ്യാപാരികള്‍ വാങ്ങുകയാണ് ചെയ്യുന്നത്. വിളവെടുക്കുന്നതും വിൽപന നടത്തുന്നതും വ്യാപാരികളാണ്.
നടീല്‍ കഴിഞ്ഞ് 70 ദിവസം കഴിഞ്ഞാല്‍ വിളവെടുപ്പ് നടത്താം മണല്‍ നിറഞ്ഞ മണ്ണും മിതമായ ഈര്‍പ്പവുമുള്ള കാലവസ്ഥയാണ് തണ്ണിമത്തന് കൃഷിക്ക് അനുയോജ്യം. മഴയും മൂടികെട്ടിയതുമായ കാലാവസ്ഥ തണ്ണിമത്തന് കൃഷിയെ പ്രതികൂലമായി ബാധിക്കും. 25 ഡിഗ്രി മുതല്‍ 32 ഡിഗ്രി വരയുള്ള ചൂടിലും നനച്ചുകൊടുക്കുന്നതിനും നീര്‍വാര്‍ച്ചയും ഉണ്ടെങ്കില്‍ കൃഷിചെയ്യാം.
ഒരു ഏക്കറില്‍നിന്ന് അഞ്ചു മുതല്‍ ഏഴു ടണ്‍ വരെ വിളവെടുക്കാം തമിഴ്നാട്ടില്‍ വികസിപ്പിച്ചെടുത്ത മധുര-64, കിരണ്‍, നൂതന ഇനമായ ഷുഗര്‍ബേബി, വന്ദന, എമറാള്‍ഡ്, 075 എനീ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്തുവരുന്ന ഇനങ്ങള്‍, കട്ടിയേറിയ തോടിനുള്ളില്‍ ചുവന്ന നിറത്തോടും മഞ്ഞനിറത്തോടും കൂടിയ കായ്കള്‍ ഉണ്ടെങ്കിലും കേരളീയര്‍ ചുവന്ന നിറത്തോടുകൂടിയതാണ് കൂടുതലായി വാങ്ങറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.