കീഴാന്തൂരിലെ വന്യമൃഗ ശല്യം; കൃഷി ചെയ്യാനാകാതെ പ്രദേശവാസികൾ
text_fieldsമറയൂർ: കീഴാന്തൂർ മേഖലയിൽ വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടി കർഷകർ. കാട്ടുപോത്തും കാട്ടാനയും കാട്ടുപന്നിയും ഉൾപ്പെടെ വന്യ മൃഗങ്ങൾ ദിവസവുംവിളകൾ നശിപ്പിക്കുന്നതിനെ തുടർന്ന് കൃഷി തന്നെ ഉപേക്ഷിച്ച് പോകേണ്ട ഗതികടിലാണ് കർഷകർ. കഴിഞ്ഞ ദിവസം കീഴാന്തൂരിൽ കൊച്ചുമാളിയിൽ വീട്ടിൽ ഓമന 80 സെൻറ് സ്ഥലത്ത് കൃഷി ചെയ്ത കപ്പ, കാബേജ്, പച്ചമുളക്, കാപ്പി, ഇഞ്ചി ഉൾപ്പെടെ കാട്ടുപന്നികൾ നശിപ്പിച്ചു. കാലങ്ങളായി ഇവർ ഈ പ്രദേശത്ത് കൃഷി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. അഞ്ചുവർഷത്തിനുള്ളിലാണ് വന്യ മൃഗ ശല്യം മൂലം ഇത്രയധികം കൃഷി നാശമുണ്ടായത്. പ്രദേശവാസികൾ എല്ലാവരും തന്നെ കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. എന്നാൽ, ഇപ്പോൾ വിത്ത് ഇറക്കുന്നത് മുതൽ പരിപാലിച്ച് വിളവ് എടുക്കുന്നവരെ 24 മണിക്കൂറും കാവലിൽ ഏർപ്പെട്ടാലും വന്യ മൃഗങ്ങളെത്തി നശിപ്പിക്കുകയാണ്. സ്ഥലത്തിന് ചുറ്റും വേലി നിർമിച്ച് കൃഷി സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം കാണാൻ കഴിച്ചിട്ടില്ല.
നിലവിൽ മഴ ലഭ്യമല്ലാത്തതിൽ കൃഷിവിളകൾ കരിഞ്ഞുണങ്ങുകയാണ്. ഇങ്ങനെ എല്ലാ തരത്തിലും കണ്ണീർക്കഥ പറയാൻ മാത്രമാണ് കർഷകർക്ക് കഴിയുന്നത്. വനം വകുപ്പ് രാത്രി റോഡ് വശങ്ങളിൽ കാട്ടാനകൾ ഇറങ്ങാതിരിക്കാൻ തീ കൂട്ടി കാവലിൽ ഏർപ്പെടുന്നുണ്ടെങ്കിലും മറ്റൊരു വശത്ത് കാട്ടാനകൾ ഉൾപ്പെടെ വന്യ മൃഗങ്ങൾ ഇറങ്ങുന്നതും സ്ഥിരമാണ്. ഒന്നര മാസം മുമ്പ് കൃഷിത്തോട്ടത്തിലിറങ്ങുന്ന കാട്ടുപോത്തുകളെ ഓടിക്കാൻ പഞ്ചായത്തും വനം വകുപ്പും ഒരു ദൗത്യം തുടങ്ങി. ഒമ്പത് കാട്ടു പോത്തുകളെ ഓടിച്ചെങ്കിലും തുടർന്നുള്ള ദൗത്യം എവിടെയും എത്തിയില്ല . ഇതിനാൽ ഇപ്പോഴും കാട്ടുപോത്തുകൾ കൃഷിയിടത്തിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്. വന്യമൃഗ ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ കൃഷി ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.