ഭൗമസൂചിക പദവി ലഭിച്ചിട്ടും കരകയറാതെ മറയൂർ ശർക്കര
text_fieldsമറയൂർ: രുചിയിലും ഗുണമേന്മയിലും മുമ്പന്തിയിൽ നിൽക്കുന്ന മറയൂർ ശർക്കരക്ക് ഭൗമസൂചിക പദവി ലഭിച്ചെങ്കിലും തക്കതായ വില ലഭിക്കാത്തത് കർഷകരെ തളർത്തുന്നു.
രാപ്പകൽ വ്യത്യാസമില്ലാതെ ആറുമാസം നീണ്ട പ്രയത്നത്തിനൊടുവിലാണ് കരിമ്പ് കർഷകർ ശർക്കര ഉൽപാദിപ്പിക്കുന്നത്. മായമോ രാസപദാർഥമോ ചേർക്കാതെയാണ് മറയൂർ ശർക്കരയുടെ ഉൽപാദനം. ഇത് കണക്കിലെടുത്താണ് കേരള കാർഷിക സർവകലാശാല പഠനം നടത്തി ഭൗമ സൂചിക പദവി നൽകിയത്. നിലവിൽ 60 കിലോ അടങ്ങിയ ഒരു ചാക്ക് ശർക്കരക്ക് 3000 രൂപയാണ് വില.
താരതമ്യേന മറ്റു കൃഷിയെ അപേക്ഷിച്ച് ചെലവ് അധികമായ കരിമ്പിനും ശർക്കരക്കും മതിയായ വില ലഭിച്ചില്ലെങ്കിൽ മറയൂർ ശർക്കര ഉൽപാദനം തന്നെ പ്രതിസന്ധിയിലാകുന്ന അവസ്ഥയാണ്.വ്യാജ ശർക്കരയാണ് പ്രധാന വെല്ലുവിളി.
തനിമ നിലനിർത്തിക്കൊണ്ട് ഉപഭോക്താക്കൾക്ക് തിരിച്ചറിയാവുന്നവിധം ഹോൾമാർക്ക് മുദ്ര പതിപ്പിച്ച് വിപണനത്തിനായി എത്തിക്കുകയാണ് വ്യാജനെ നേരിടാനുള്ള മാർഗം. മറയൂർ ശർക്കരയുടെ വിപണി മൂല്യം തിരിച്ചറിഞ്ഞ് തമിഴ്നാട്ടിൽനിന്ന് ടൺകണക്കിന് ശർക്കരയാണ് സംസ്ഥാനത്ത് എത്തിക്കുന്നത്. നിലവിൽ മറയൂർ ശർക്കര പരമ്പരാഗത രീതിയിൽ ചാക്കുകളിലാക്കിയാണ് വിപണനത്തിന് എത്തിക്കുന്നത്.
മറയൂരിലെ നിർദിഷ്ട ശർക്കര നിർമാണകേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കുകയും ഇതിൽ ഹോൾമാർക്ക് മുദ്ര പതിപ്പിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.
രാസപദാർഥങ്ങൾ ചേർക്കാതെ നിർമിക്കുന്ന മറയൂർ ശർക്കര സംഭരിക്കാനും വിൽക്കാനും സർക്കാർ മുൻകൈയെടുക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. ദേവസ്വം ബോർഡുകളിലേക്കും അംഗൻവാടി പൊലുള്ള സ്ഥാപനങ്ങളിലേക്കും ആവശ്യമായ ശർക്കര ഇറക്കുമതി ചെയ്യാതെ മറയൂർ ശർക്കര സംഭരിച്ച് വിതരണം ചെയ്താൽ കർഷകർക്ക് ഗുണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.