മധുരിക്കാതെ മറയൂര്‍ ശര്‍ക്കര: വിലയില്ല; നിർമാണം പ്രതിസന്ധിയില്‍
text_fieldsമറയൂർ: ഗുണമേന്മകൊണ്ട് പ്രസിദ്ധമായ മറയൂര്‍ ശര്‍ക്കരയുടെ വിലക്കുറവ് കരിമ്പ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ശര്‍ക്കര വ്യാപാരികൾക്ക് നൽകുമ്പോൾ ഉൽപാദനച്ചെലവ് പോലും ലഭിക്കാത്തതിനെത്തുടർന്ന് വിളവെടുക്കാതെ കരിമ്പ് തോട്ടത്തില്‍തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ഏഴുവര്‍ഷം മുമ്പ് ലഭിച്ചിരുന്ന വിലയാണ് ഇപ്പോഴും ലഭിക്കുന്നത്.
50 കിലോ മറയൂര്‍ ശര്‍ക്കരക്ക് ഈ ആഴ്ച 2500 രൂപയാണ് വില ലഭിച്ചതെന്ന് കരിമ്പ് ഉൽപാദന സമിതി പ്രസിഡൻറ് രാജ് പറയുന്നു. മൂന്നുമാസം മുമ്പ് 3000 രൂപ ലഭിച്ചിരുന്നതാണ് വീണ്ടും ഇടിഞ്ഞത്. കരിമ്പ് വെട്ടുകൂലി ഉൾപ്പെടെയുള്ള നിര്‍മാണച്ചെലവ് പോലും ലഭിക്കാതെ വരുമെന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ ശര്‍ക്കര നിർമാണം നിർത്തി മൂപ്പെത്തിയ കരിമ്പുപോലും വെട്ടാത്തത്.
വില കുറയാന്‍ കാരണം തമിഴ്നാട് ശര്‍ക്കര
മറയൂരില്‍ ശര്‍ക്കര വ്യാപാരികള്‍ കാലങ്ങളായി മറയൂര്‍ ശര്‍ക്കര മാത്രമാണ് വിപണിയിലെത്തിച്ചിരുന്നത്. അപ്പോഴെല്ലാം നല്ല വില ലഭിക്കുകയും കര്‍ഷകര്‍ കരിമ്പ് കൃഷിക്ക് മുന്‍തൂക്കം നല്കിവരുകയും ചെയ്തു. കേരളത്തിലെ മാര്‍ക്കറ്റുകളില്‍ മറയൂര്‍ ശര്‍ക്കരക്ക് ഡിമാൻഡും അധികരിച്ചു. ഇതിനിടെയാണ് തമിഴ്നാട്ടിൽനിന്നുള്ള ശർക്കരയുടെ കടന്നുവരവ്.
വിലയും നിലവാരവും കുറഞ്ഞ ശർക്കര മറയൂര്‍ ശര്‍ക്കരക്കൊപ്പം കലര്‍ത്തി വിപണിയിലെത്തിച്ച് ഇവർ അധികലാഭം കൊയ്യുകയാണെന്ന് കർഷകർ പറയുന്നു. തുടര്‍ച്ചയായി കച്ചവടക്കാര്‍ മറയൂര്‍ ശര്‍ക്കരയെ അവഗണിക്കുകയും വില താഴ്ത്തുകയുമാണെന്നാണ് കർഷകർ ആരോപിക്കുന്നത്.
തമിഴ്നാട് ശര്‍ക്കരയുടെ പുളിപ്പുരസം ഒഴിവാക്കാൻ ശര്‍ക്കരയില്‍ പഞ്ചസാരയും കുമ്മായവും ചേര്‍ത്താണ് കേരളത്തിലെത്തിച്ച് വിറ്റഴിച്ച് ലാഭം കൊയ്യുന്നത്. മറയൂരിലെ ഒന്നാംതരം ശര്‍ക്കരക്ക് പച്ചകലര്‍ന്ന ബ്രൗണ്‍ നിറമാണ്. തമിഴ്നാട്ടില്‍നിന്നെത്തുന്ന ശർക്കരയിൽ മായം ചേര്‍ത്ത് ഒന്നാംതരം ശര്‍ക്കരയുടെ നിറവും വ്യാജന്മാർ നിലനിർത്തുന്നു.
കർഷകസമിതി പ്രക്ഷോഭത്തിലേക്ക്
കർഷകർക്ക് കഴിഞ്ഞ ഓണത്തിന് പ്രദേശത്തുനിന്ന് ശർക്കര വിപണിയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരത്തിൽ കർഷകരോടും നൂറുകണക്കിന് തൊഴിലാളികളോടും അവഗണനയാണ് പുലർത്തുന്നത്. എം.എൽ.എ, എം.പി, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരോട് കാര്യങ്ങൾ ഉന്നയിച്ചെങ്കിലും നടപടിയില്ല.
മറയൂർ ശർക്കരക്ക് ഭൗമസൂചിക പദവി ലഭിച്ചിട്ടും സർക്കാർതലത്തിൽ മറയൂർ ശർക്കരയെ സംരക്ഷിക്കാനും വിപണിയിൽ എത്തിക്കാനും നടപടിയില്ലാത്ത സ്ഥിതിയാണ്. 1500ലേറെ ഏക്കറിൽ ഉണ്ടായിരുന്ന കരിമ്പ് കൃഷി ഇപ്പോൾ 300ലേക്ക് ചുരുങ്ങി. കരിമ്പിൻപാടങ്ങൾ തരിശായി. മുതൽമുടക്കാനുള്ളവർ കമുക് കൃഷി ചെയ്തു.
മറയൂർ-കാന്തല്ലൂർ മേഖലയിലെ കരിമ്പ് കൃഷി സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ റോഡ് തടയൽ ഉൾപ്പെടെ സമരത്തിന് ഒരുങ്ങാൻ തീരുമാനിച്ചതായി കരിമ്പ് ഉൽപാദന-വിപണന സംഘം പ്രസിഡന്റ് എസ്. ശിവൻ രാജ്, സെക്രട്ടറി റെജി പാൽരാജ്, ജോയന്റ് സെക്രട്ടറി ജഗൻ, ട്രഷറർ സോമഭായ്, സമിതി അംഗം സേവിയർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.