മറയൂരിലെ ചന്ദനക്കാടുകളില്‍ വാച്ചര്‍മാര്‍ക്ക് ദുരിതമീ ജീവിതം
text_fieldsമറയൂര്‍: സർക്കാർ ഖജനാവിന് കോടിക്കണക്കിന് രൂപ വരുമാനം നൽകുന്നതാണ് മറയൂരിലെ ചന്ദനക്കാടുകളെങ്കിലും അവ സംരക്ഷിക്കുന്ന വാച്ചര്‍മാർക്ക് തൊഴിലിടങ്ങളിൽ നേരിടേണ്ടിവരുന്നത് അങ്ങേയറ്റം ദുരിതം. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ചന്ദന സംരക്ഷണം നടത്തിവരുന്ന മറയൂര്‍ ചന്ദന ഡിവിഷന് കീഴിലെ വാച്ചര്‍മാര്‍ക്ക് ജോലിചെയ്യുന്നതിന് അനുസരിച്ചുള്ള വേതനമില്ല. ഉള്ളതാകട്ടെ കൃത്യമായി ലഭിക്കുന്നുമില്ല.
നൂറ് കോടിയോളം രൂപയാണ് ചന്ദനലേലത്തിലൂടെ സര്‍ക്കാറിന് ലഭിക്കുന്നത്. ഇതിനു കാവല്‍ നില്ക്കുന്ന വാച്ചര്‍മാരാണ് ജോലിസുരക്ഷിതത്വം ഇല്ലാതെ ദുരിതജീവിതം നയിക്കുന്നത്. ചില ഉദ്യോഗസ്ഥരില്‍നിന്നുള്ള മോശം സമീപനവും വാച്ചര്‍മാർ നേരിടേണ്ടിവരുന്നു. 2006 കാലഘട്ടം മുതല്‍ ചന്ദന സംരക്ഷണം വളരെ ഫലപ്രദമായി നടത്തിവന്നിരുന്നു. ഒരുമരം പോലും മോഷണം പോകാത്ത സാഹചര്യത്തില്‍ ഘട്ടം ഘട്ടമായി എത്തിച്ചിരുന്നു. അതിനുശേഷം ഏറ്റവും വലിയ മോഷണ പരമ്പരയാണ് കഴിഞ്ഞ രണ്ട് മാസമായി നടക്കുന്നത്. 11 ചന്ദനമരങ്ങളാണ് സമീപ ദിവസങ്ങളില്‍ മറയൂരിലെ നാച്ചിവയല്‍ ചന്ദന റിസര്വില്നിന്നുമാത്രം വെട്ടിക്കടത്തിയത്. ഇതിന്റെ പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നത് താൽക്കാലിക വാച്ചര്‍മാരാണ്.
ശനിയാഴ്ച രാത്രി ഒമ്പതോടെ നാച്ചിവയല്‍ ചന്ദന റിസര്‍വില്‍നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയതറിഞ്ഞ് മോഷ്ടാക്കളെ പിടികൂടാൻ വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ സ്ഥലത്തെത്തിയ ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ താൽക്കാലിക വാച്ചറായ മാരിയപ്പനെ ക്രൂരമായി മര്‍ദിച്ച സംഭവമുണ്ടായി.
മര്‍ദനത്തില്‍ ചെവിക്കും വയറിനും പരിക്കേറ്റ മാരിയപ്പന് ചികിത്സയിലാണ്. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെ തുടര്‍ച്ചയായി 12 മണിക്കൂറാണ് വാച്ചർമാർ ജോലിചെയ്യുന്നത്. പുലി, ആന, കാട്ടുപോത്ത് ഉള്‍പ്പെടെ വന്യമൃഗങ്ങളെയും മഴയും മൂടല്‍ മഞ്ഞും പ്രതികൂല കാലാവസ്ഥയും അതിജീവിച്ചു വേണം ചന്ദനമരങ്ങള്‍ സംരക്ഷിക്കാന്‍.
സര്‍വ സന്നാഹങ്ങളും മാരക ആയുധങ്ങളുമായി എത്തുന്ന കൊള്ളക്കാരെ നേരിടാന്‍ വാച്ചര്‍മാരുടെ കൈയിലുള്ളത് മുളവടിയും ടോര്‍ച്ചും മാത്രമാണ്. ഓരോ ഫീല്‍ഡിലും സ്ഥിരം ജീവനക്കാരായ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരും ചുമതലക്കാരായുണ്ട്. സ്ഥിരം ജീവനക്കാരില്‍ ഭൂരിഭാഗവും മറ്റു ജില്ലക്കാരാണ്. ഇവര്‍ക്ക് കാട്ടിനുള്ളിലെ വഴികളോ പ്രദേശങ്ങളൊ മറ്റ് ആദിവാസികുടികളിലേക്കുള്ള വഴികളോ ഭൂഘടനയെപ്പറ്റി നിശ്ചയമോ ഇല്ലാത്തവരാണ്.
ചന്ദന സംരക്ഷണത്തിലെ അടിസ്ഥാന ഘടകമായ വാച്ചര്‍മാരില്‍ എല്ലാവരും നിര്‍ധന കുടുംബാംഗങ്ങളാണ്. സ്ഥിരം ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുമ്പോള്‍ ജോലിചെയ്യുന്ന ദിവസങ്ങളുടെ വേതനം പോലും ഇവര്‍ക്ക് കൃത്യമായി ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ നല്‍കാറില്ല. 30 ദിവസം ജോലി ചെയ്താല്‍ ഇപ്പോള്‍ 23 ദിവസത്തെ വേതനം മാത്രമാണ് നല്‍കുന്നത്.
മുന്‍കാലങ്ങളില്‍ 28 ദിവസം വരെ നല്‍കിയിരുന്ന വേതനമാണ് പലകാരണങ്ങള്‍ പറഞ്ഞ് കുറവ് വരുത്തിയത്. ഇപ്പോള്‍ രണ്ട് മാസത്തെ വേതനം കുടിശ്ശികയാണ്. ജോലിക്കിടെ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പിരിഞ്ഞുപോകേണ്ടിവന്നാല് ഒരു ആനൂകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരല്ല. ജോലിക്കിടെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റാല്‍ സാധാരണ പൗരന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മാത്രമേ ഇവര്‍ക്കും ലഭിക്കു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.