മഴ: ആദിവാസിക്കുടിയിലേക്കുള്ള പാതയില്‍ ഭീമന് പാറ അടര്‍ന്നുവീണു
text_fieldsമറയൂര്‍: പ്രദേശത്ത് 10 ദിവസമായി തുടരുന്ന കനത്ത മഴയിൽ മണ്ണിടിച്ചിൽ വ്യാപകം. കാന്തല്ലൂര്‍ പഞ്ചായത്ത് പെരടിപ്പള്ളം ഒള്ളവയല്‍ ആദിവാസിക്കുടിയിലേക്കുള്ള പാതയില്‍ ഭീമന് പാറ അടര്‍ന്നുവീണ് ഗതാഗതം നിലച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് അനുഭവപ്പെട്ട അതിശക്തമായ മഴയില്‍ ശനിയാഴ്ച അർധരാത്രിയോടുകൂടി പാതക്ക് മുകളിലെ ഭീമന് പാറ പതിക്കുകയായിരുന്നു.
ഒള്ളവയല്‍ കുടിയിലും സമീപങ്ങളിലുമായി നൂറ്റമ്പതോളം കുടുംബങ്ങളാണ് പാത ഉപയോഗിക്കുന്നത്. ഞായറാഴ്ച ചന്തയിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പ്രദേശവാസികൾ എത്തിയപ്പോഴാണ് പാത തടസ്സമായിരിക്കുന്നത് അറിഞ്ഞത്. കുടിയില്‍ നിന്നുമുള്ളവരെത്തി അരികിലൂടെ താൽക്കാലികമായി പാത നിർമിച്ചാണ് യാത്ര സാധ്യമാക്കിയത്.
വൈദ്യുതി ലൈൻ മരംവീണ് തകർന്നു; മണ്ണിടിച്ചിൽ വ്യാപകം
ഞായറാഴ്ച കാന്തല്ലൂർ പെരുമല റോഡിൽ രണ്ടുകിലോമീറ്റർ ദൂരത്തിൽ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. റോഡിന് ഒരുവശത്ത് 50 അടി ഉയരംവരുന്ന തിട്ടയിൽനിന്ന് മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾ കൂട്ടിമുട്ടി തീ പടർന്നത് പരിഭ്രാന്തിയുണ്ടാക്കി.
ഈ സമയം ഇതുവഴി വാഹനങ്ങൾ കടന്നുപോയിരുന്നു. യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ് വാഹനങ്ങൾ നിയന്ത്രിച്ച് അപകടം ഒഴിവാക്കിയത്. വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.