തമിഴ്നാട്ടിലേക്ക് ചന്ദനംകടത്ത്; നാലുപേർ പിടിയിൽ
text_fieldsമറയൂർ: തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനത്തടികളുമായി നാലുപേർ പിടിയിൽ. കാന്തല്ലൂർ ചുരുക്കുളം ഗ്രാമത്തിലെ കെ. പഴനിസ്വാമി (48), വി. സുരേഷ് (39), പി. ഭഗവതി (48), ടി. രാമകൃഷ്ണൻ (37) എന്നിവരെയാണ് 19 കിലോ ചന്ദനത്തടികളുമായി പിടികൂടിയത്. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ രണ്ട് വാച്ചർമാർക്ക് പരിക്കേറ്റു. ചട്ടമൂന്നാർ സ്വദേശി മുനിയാണ്ടി (35), പള്ളനാട് സ്വദേശി പ്രദീപ് (33) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉദുമൽപേട്ടയിലെ ലോബികൾക്ക് ചന്ദനം എത്തിച്ചുനൽകുന്ന സംഘമാണ് പിടിയിലായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മറയൂർ ഡി.എഫ്.ഒ പി.ജെ. സുഹൈബിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മറയൂർ റേഞ്ച് ഓഫിസർ അബ്ജു കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ചന്ദനത്തടികൾ 2024 സെപ്റ്റംബർ 19ന് മറയൂർ പുളിക്കരവയൽ വനമേഖലയിൽനിന്ന് മുറിച്ചുകടത്തിയതാണെന്ന് പ്രതികൾ മൊഴി നൽകി. മറയൂർ-ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ കരിമൂട്ടി ചില്ലിയോട ഭാഗത്തുനിന്ന് തമിഴ്നാട്ടിലേക്കുള്ള ബസിൽ ചന്ദനം കടത്താൻ നിൽക്കുമ്പോഴാണ് പ്രതികളെ പിടികൂടിയത്. പഴനിസ്വാമി മുമ്പും ചന്ദനക്കേസുകളിൽ പ്രതിയാണ്. ഭഗവതിയും സുരേഷും വനമേഖലയിൽനിന്ന് ഉണങ്ങിയും മറിഞ്ഞുവീഴുന്നതുമായ ചന്ദനത്തടികൾ ശേഖരിക്കാൻ വനം വകുപ്പിൽ ജോലി ചെയ്തിരുന്നവരാണ്.
ഒരുകിലോ ചന്ദനത്തിന് 900 രൂപ ലഭിക്കുമെന്ന് പ്രതികൾ മൊഴിനൽകി. മറയൂർ റേഞ്ച് ഓഫിസർ അബ്ജു കെ. അരുൺ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ വി. ഷിബുകുമാർ, ശങ്കരൻ ഗിരി, ബീറ്റ് ഓഫിസർമാരായ ബി.ആർ. രാഹുൽ, അഖിൽ അരവിന്ദ്, എസ്.പി. വിഷ്ണു, വിഷ്ണു കെ. ചന്ദ്രൻ, സജിമോൻ, താൽക്കാലിക വാച്ചർമാരായ മുനിയാണ്ടി, പ്രദീപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ പ്രതികൾ ഉള്ളതായും അന്വേഷണം ഊർജിതമാക്കിയതായും മറയൂർ റേഞ്ച് ഓഫിസർ അബ്ജു കെ. അരുൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.