മറയൂർ ചന്ദനമോഷണം; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
text_fieldsമറയൂർ: മറയൂർ ചന്ദന ഡിവിഷനിൽപെട്ട നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ എൻ.എസ്.ആറിൽനിന്ന് ചന്ദനമരം മുറിച്ച് കടത്തി ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. മറയൂർ മൈക്കിൾഗിരിയിൽ താമസിക്കുന്ന എറണാകുളം വെങ്ങോല വാളൂരാൻ വീട്ടിൽ അബ്ദുൽ ജലീൽ (33), പുളിക്കരവയൽ സ്വദേശി രാജേഷ് കുമാർ (26) മൈക്കിൾഗിരി സ്വദേശി മനോജ് കുമാർ (22) എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
നവംബർ ആറിന് സർക്കാർ ചന്ദന സംരക്ഷണ ഇരുമ്പുവേലി മുറിച്ച് അവിടെ നിന്നിരുന്ന നാല് ചന്ദനമരങ്ങൾ മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ ശിവ എന്ന ശരത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവർക്കായി വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ചന്ദനം കടത്താൻ പ്രതികൾ ഉപയോഗിച്ചെന്ന് പറയുന്ന കാറും ജീപ്പും മിനി പിക്കപ്പും വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മറ്റു പ്രതികളെ ഉടൻ കണ്ടെത്തുന്നതിന് ഊർജിത അന്വേഷണം നടന്നുവരികയാണെന്ന് നാച്ചിവയൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എം.എസ്. സുരേഷ് കുമാർ പറഞ്ഞു. ഡി.എഫ്.ഒ പി.ജെ. സുഹൈബ്, റേഞ്ച് ഓഫിസർ അബ്ജു കെ. അരുൺ, എസ്.എഫ്.ഒമാരായ വി. ഷിബു കുമാർ, ശങ്കരൻ ഗിരി, ഡി.എഫ്.ഒമാരായ വിഷ്ണു, എസ്. കലാ, ജി. സ്മിജി, സച്ചിൻ സി. ഭാനു, സുജേഷ് കുമാർ, വിഷ്ണു കെ. ചന്ദ്രൻ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. പ്രതികളെ വെള്ളിയാഴ്ച ദേവികുളം കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.