കോവിൽക്കടവിൽ കുടിവെള്ളക്ഷാമം രൂക്ഷം; റോഡ് ഉപരോധിച്ച് സ്ത്രീകൾ
text_fieldsമറയൂർ: വേനൽ കടുത്തതോടെ കോവിൽക്കടവ് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. ഇതെതുടർന്ന് കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ റോഡ് ഉപരോധിച്ചു. പ്രദേശത്തെ പുഴയും കിണറുകളും വറ്റിവരണ്ട നിലയിലാണ്. പലരും കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. ദിവസവും 500 രൂപ മുടക്കി കുടിവെള്ളം വങ്ങുന്നത് പ്രായോഗികമല്ലെന്ന് നാട്ടുകാർ പറയുന്നു.
മറയൂർ -കാന്തല്ലൂർ റോഡിൽ കോവിൽക്കടവ് പത്തടിപ്പാലം ഭാഗത്താണ് സ്ത്രീകൾ ഇറങ്ങി റോഡ് ഉപരോധിച്ചത്. രണ്ട് മണിക്കൂറോളം റോഡ് ഉപരോധം നീണ്ടപ്പോൾ പൊലീസ് എത്തി സമരക്കാരെ നീക്കി. കാന്തല്ലൂർ പഞ്ചായത്തിലെ പ്രധാന ടൗൺ ആണ് കോവിൽക്കടവ്. ഇവിടെ ഒട്ടേറെ ഹോട്ടലുകളും മറ്റു വ്യാവസായ സ്ഥാപനങ്ങളും വീടുകളും ഉണ്ട്.
വർഷങ്ങൾക്കു മുമ്പ് കാപ്പിസ്റ്റോർ ഭാഗത്ത് നിന്ന് മറയൂർ പഞ്ചായത്തിലെ ചിന്നവരയിൽ മോട്ടോറും പൈപ്പും സ്ഥാപിച്ച് ശുദ്ധജലം എത്തിച്ചിരുന്നെങ്കിലും കനത്ത മഴവെള്ളപ്പാച്ചിലിൽ പൈപ്പുകൾ എല്ലാം ഒലിച്ചുപോയിരുന്നു. ഒട്ടേറെ പ്രതിഷേധങ്ങളും പരാതികളും ഉണ്ടായെങ്കിലും പരിഹാരം ഉണ്ടായില്ല. കൂടുതൽ പേരും ദിവസവും ദിവസവും ആയിരം ലിറ്റർ വെള്ളം 500 രൂപ നിരക്കിൽ വാങ്ങിയാണ് ഉപയോഗിക്കുന്നത്.
എന്നാൽ, കാന്തല്ലൂർ പഞ്ചായത്തിൽ ജൽജീവൻ പദ്ധതി നടപ്പാക്കിവരികയാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. കോവിൽക്കടവിലേക്ക് ശുദ്ധജലം എത്തിക്കാനുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. പദ്ധതി പൂർത്തയാകുന്നതോടെ പ്രദേശത്ത് ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തീച്ചൂട്: ജലനിരപ്പ് താഴ്ന്നു,എങ്ങും ജലക്ഷാമം
അടിമാലി: ഹൈറേഞ്ചിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട രീതിയിൽ വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും വേനൽ ചൂട് കടുക്കുന്നു. പലയിടത്തും ജലക്ഷാമം രൂക്ഷമായി. പുഴകളിലും കിണറുകളിലെ ജലനിരപ്പ് താഴ്ന്നു.
ഉയർന്ന ചൂടിൽ അടിമാലി, വട്ടവട, മറയൂർ, കാന്തലൂർ, വെള്ളത്തൂവൽ, കൊന്നത്തടി, മാങ്കുളം, വാത്തികുടി, കഞ്ഞികുഴി തുടങ്ങി ഹൈറേഞ്ചിലെ ഭൂരിഭാഗം പഞ്ചായത്തിലും ജനങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടം തുടങ്ങി. ദേവിയാർ, പെരിയാർ, പാമ്പനാർ, നല്ലതണ്ണിയാർ, മുതിരപ്പുഴയാർ തുടങ്ങിയ നദികൾ ഉൾപ്പെടെ ജലാശയങ്ങളിലെ ജലനിരപ്പ് താഴുകയും ഒഴുക്ക് നിലക്കുകയും ചെയ്തു. ചൂട് ഇനിയും ഉയർന്നാൽ കുടിവെള്ളം ലഭിക്കാത്ത സ്ഥിതി വരും. ജലനിധി, ജപ്പാൻ കുടിവെള്ള പദ്ധതി ഉൾപ്പെടെ കോടികളുടെ പദ്ധതികൾ ഉണ്ടെങ്കിലും ഹൈറേഞ്ചിൽ ഇതോന്നും പ്രായോഗിമാകുന്നില്ല. ശാന്തൻപാറ, പൂപ്പാറ മേഖലയിൽ രണ്ട് കിലോമീറ്റർ അകലെനിന്ന് കുടിവെള്ളം ശേഖരിക്കുന്നവർ ധാരാളമാണ്. വന്യമൃഗശല്യം മൂലം ധാരാളം പേർക്ക് കുടിവെള്ളം ശേഖരിക്കുന്നത് വലിയ വെല്ലുവിളിയുമാണ്. വീടുകളിൽ വെള്ളം എത്തിച്ച് നൽകണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.