ആദിവാസിക്കുടികളിൽ പദ്ധതികൾക്ക് പഞ്ഞമില്ല; വഴിയും വെളിച്ചവും അന്യം
text_fieldsമറയൂര്‍: ആദിവാസികളുടെ സാമൂഹിക സാമ്പത്തിക മുന്നേറ്റത്തിന് സര്‍ക്കാര്‍ കോടികള്‍ വകയിരുത്തി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതിയും വഴിയുമില്ലാത്ത ആദിവാസിക്കുടികൾ ഇപ്പോഴുമുണ്ട്. ഏറ്റവും അധികം ആദിവാസികള്‍ വസിക്കുന്നത് കാന്തല്ലൂര്‍, മറയൂര്‍ പഞ്ചായത്തുകളിലായാണ്.
എന്നാല്‍ ഇവിടത്തെ പല കുടികളിലും വെളിച്ചമോ നല്ലൊരു വഴിയോ ഇല്ലാത്ത സ്ഥിതിയുണ്ട്. മറയൂര്‍ പഞ്ചായത്തിലെ ആലാംപെട്ടി, ഈച്ചാപെട്ടി, ഇരുട്ടളക്കുടി, പുറവയല്‍, തായണ്ണന്‍കുടി, പുതുക്കുടി, വെള്ളകള്ക്കുടി, മുളങ്കംകുടി, കാന്തല്ലൂര്‍ പഞ്ചായത്തിലെ ചമ്പക്കല്ക്കുടി, മാങ്ങപാറക്കുടി, പാളപെട്ടി എന്നീ ആദിവാസികുടികളിലാണ് വൈദ്യുതിയും ഗതാഗത യോഗ്യമായ വഴികളുമില്ലാത്തത്.
ഇവിടത്തെ ആദിവാസികള്‍ മുമ്പ് ഉപജീവനത്തിന് വനവിഭവങ്ങളേയാണ് ആശ്രയിച്ചത്. എന്നാല്‍ പിന്നീടിങ്ങോട്ട് വനം വകുപ്പിന്റെ ഇടപെടല്‍ മൂലം ജീവിത രീതി പൂര്‍ണമായും മാറി. ഇപ്പോൾ പുറം ലോകവുമായി ബന്ധപ്പെട്ടാലേ ഉപജീവനം സാധ്യമാകുകയുള്ളൂ എന്നൊരു സാഹചര്യമാണ്. എന്നാല്‍ ഇവിടേക്ക് എത്തിപ്പെടാനോ പുറം ലോകവുമായി ബന്ധപ്പെടാനോ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയതാണ് പ്രധാന പ്രതിസന്ധിയെന്ന് ആദിവാസികള്‍ ആരോപിക്കുന്നു.
അത്യാഹിതമുണ്ടായാലും അവശ്യവസ്തുക്കള്‍, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കുമായി കുടികളിലെ കുട്ടികളും സ്ത്രീകളും അടക്കം കീലോമീറ്ററുകളോളം നടന്നാണ് എത്തിപ്പെടുന്നത്. ഇവര്‍ എല്ലാ ഞായറാഴ്ചയും മലയിറങ്ങി അവശ്യവസ്തുക്കൾ വാങ്ങി കാല്‍നടയായി മലകയറാറാണ് പതിവ്.
മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപ ആദിവാസികളുടെ പുരോഗതിക്കായി വകയിരുത്തുന്നുണ്ടെങ്കിലും പലതും പ്രയോജനം ചെയ്യുന്നില്ല. ശാശ്വത പരിഹാരത്തിനായി നടപടിയുണ്ടാകണമെന്നതാണ് പ്രദേശത്തെ ആദിവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.