ലൈസൻസില്ലാത്ത ഭക്ഷണശാലകൾ അടച്ചുപൂട്ടാൻ തീരുമാനം: 32 കിലോ പഴകിയ മത്സ്യം പിടിച്ചു
text_fieldsആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അണക്കരയിലെ മത്സ്യവ്യാപാര സ്ഥാപനത്തിൽ പരിശോധന നടത്തുന്നു
മറയൂർ: മറയൂരിലെ ശുചിത്വവും ലൈസൻസുമില്ലാത്ത ഭക്ഷണശാലകൾ അടച്ചുപൂട്ടാൻ പഞ്ചായത്ത് തീരുമാനം. ഇതിന്റെ ഭാഗമായി അടുത്ത ബുധനാഴ്ച അദാലത് നടത്തും. തുടർന്ന് നോട്ടീസ് നൽകിയശേഷം ഭക്ഷണശാലകൾ പരിശോധിക്കും. ലൈസൻസ് എടുത്തിട്ടില്ലാത്ത കടകൾക്ക് ലൈസൻസ് എടുക്കാനുള്ള സംവിധാനമൊരുക്കും. കാസർകോട് ഹോട്ടലിൽനിന്ന് ഭക്ഷണംകഴിച്ച് യുവതി മരണപ്പെട്ട സംഭവത്തെതുടർന്ന് ലൈസൻസ് ഇല്ലാത്ത ഭക്ഷണശാലകളും ശുചിത്വമില്ലാത്ത ഭക്ഷണശാലകളും അടച്ചുപൂട്ടണമെന്ന് ഗവ. ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടർന്നാണ് പഞ്ചായത്ത് തലത്തിൽ യോഗം ചേർന്നത്.
വിനോദസഞ്ചാരകേന്ദ്രം കൂടിയായ മറയൂർ മേഖലയിൽ ധാരാളം ഭക്ഷണശാലകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇതിൽ ലൈസൻസുള്ള ഭക്ഷണശാലകൾ ചുരുക്കമാണ്. മറയൂരിലെ ചെറുതും വലുതുമായ മുപ്പതോളം ഭക്ഷണശാലകൾ പരിശോധിച്ചതിൽ ഒരു ഹോട്ടലിന് മാത്രമാണ് എല്ലാ രേഖകളും കൃത്യമായുള്ളതെന്ന് മറയൂർ ജെ.എച്ച്.ഐ പറഞ്ഞു. മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെൻറി ജോസഫ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, റിസോർട്ട് അസോ. അംഗങ്ങൾ, ജെ.എച്ച്.ഐ എന്നിവർ പങ്കെടുത്തു.
ഭക്ഷണശാലകളിൽ പരിശോധന
തൊടുപുഴ: നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് വിൽപന കേന്ദ്രങ്ങൾ, കൂൾബാറുകൾ തുടങ്ങി ആഹാരം പാകംചെയ്യുന്നതോ അല്ലാത്തതോ ആയ സ്ഥാപനങ്ങളിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് പരിശോധന ആരംഭിച്ചു. പരിശോധന സമയത്ത് നഗരസഭ ലൈസൻസ്, ഹെൽത്ത് കാർഡ്, കുടിവെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ഹാജരാക്കണമെന്നും പഴകിയതും മനുഷ്യോപയോഗത്തിന് പറ്റാത്തതുമായ ഭക്ഷണ പദാർഥങ്ങൾ വിപനക്കായി സൂക്ഷിച്ചിരിക്കുന്നതും പരിസരശുചിത്വം പാലിക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെ അടച്ചുപൂട്ടുന്നത് ഉൾപ്പെടെ നിയമനടപടി സ്വീകരിക്കുന്നതാണെന്നും മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു.
32 കിലോ പഴകിയ മത്സ്യം പിടിച്ചു
കട്ടപ്പന: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അണക്കര ടൗണിലെ മത്സ്യ വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് 32 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. 22 കിലോ പച്ച മത്സ്യവും പത്ത് കിലോയോളം ഉണക്കമത്സ്യവും ആണ് രണ്ടു കടകളിൽ നിന്നായി പിടിച്ചെടുത്തത്. മീൻ കഴിച്ചവരിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടതിനെ തുടർന്ന് മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. ചക്കുപള്ളം ഹെൽത്ത് ഇൻസ്പെക്ടർ ശരൺ ഗോപാലൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.എൽ. സിജി, അഖിലാ ദാസ് എന്നിവരാണ് പരിശോധന നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.