ഗ്രാൻറിസ് വഴിമാറുന്നു; ഫലവര്‍ഗങ്ങളുടെ കലവറയാകാനൊരുങ്ങി വട്ടവട
text_fieldsമറയൂര്‍: ഗ്രാൻറിസ് മരങ്ങള്‍ മുറിച്ചുമാറ്റി തോട്ടങ്ങളില്‍ പച്ചക്കറിയും പഴവര്‍ഗങ്ങളും കൃഷിചെയ്യാൻ വട്ടവട ഒരുങ്ങുന്നു. 5000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഗ്രാൻറിസ് മരങ്ങള്‍ മുറിച്ചുമാറ്റുന്നതോടെയാണ് പഞ്ചായത്തിലെ കര്‍ഷകരുടെ അധ്വാനത്തിലൂടെ വട്ടവട ഫലവർഗങ്ങളുടെ കലവറയാകാൻ ഒരുങ്ങുന്നത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് പച്ചക്കറികൃഷിക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ടായിരുെന്നങ്കിലും 2000 മുതൽ പുറത്തുനിന്നുള്ള വന്‍കിട ലോബികൾ വട്ടവടയിൽ തുച്ഛവിലക്ക് ഭൂമി വാങ്ങി എളുപ്പത്തില്‍ ലാഭമുണ്ടാക്കാന്‍ ഗ്രാൻറിസ് മരം വെച്ചുപിടിപ്പിക്കുകയായിരുന്നു.
പ്രദേശത്തെ കര്‍ഷകരും കൃഷിസ്ഥലങ്ങള്‍ ചുരുക്കി ചരിവുള്ള സ്ഥലങ്ങളിൽ ഗ്രാൻറിസ് മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. ഇതോടെ പച്ചക്കറി കൃഷി 30 ശതമാനമായി ചുരുങ്ങി. ഇതിനിടെ 2013ല്‍ പട്ടയസ്ഥലങ്ങള്‍ കൂടാതെ റവന്യൂ സ്ഥലങ്ങളില്‍നിന്ന് മതിയായ രേഖകളില്ലാതെ മരം മുറിച്ചു കടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച കമീഷന് അന്വേഷണം നടത്തുകയും മുഴുവന്‍ സ്ഥലങ്ങളിലെയും മരങ്ങള്‍ മുറിക്കുന്നതിനുള്ള അവകാശം തടയുകയും ചെയ്തു.
ഇത് പ്രദേശത്ത് വ്യാപകമായി ഗ്രാൻറിസ് മരങ്ങള്‍ വളരാനും കൃഷിസ്ഥലങ്ങളെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കി. 2019ഒാടെ പ്രദേശത്തെ ഗ്രാൻറിസ് മരങ്ങള്‍ പൂര്‍ണമായും നീക്കംചെയ്യണമെന്നും തുടര്‍ന്ന് ഇത്തരം മരങ്ങള്‍ വെച്ചുപിടിപ്പിക്കരുതെന്നും സര്‍ക്കാര്‍ നിർദേശിച്ചു. എന്നാൽ, ഉത്തരവ് പൂർണമായി നടപ്പായില്ല. മരങ്ങൾ മുറിച്ചുമാറ്റിയ സ്ഥലങ്ങളിൽ ഓറഞ്ച്, ആപ്പിള്‍, സബര്‍ജിൽ, പാഷന് ഫ്രൂട്ട്, സീതാപഴം തുടങ്ങിയവയും ശീതകാല പച്ചക്കറിയായ ബീന്‍സ്, കാരറ്റ്, കാബേജ് എന്നിവയും കൃഷി ചെയ്തുവരുന്നു. ഗ്രാന്‍ഡിസ് മരങ്ങള്‍ പൂര്‍ണമായും മുറിച്ചുമാറ്റാനുള്ള പുതിയ തീരുമാനത്തോടെയാണ് വട്ടവട പഞ്ചായത്ത് ശീതകാല പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും കലവറയാകാൻ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.