പച്ചക്കറി വില താഴോട്ട്: തമിഴ്നാട്ടിൽ ഉള്ളി ആറുകിലോ 100 രൂപ; തക്കാളി കിലോ അഞ്ചുരൂപ
text_fieldsമറയൂർ: തക്കാളിക്കും ഉള്ളിക്കും തമിഴ്നാട്ടിൽ വൻ വിലയിടിവ്. ചന്തകളിൽ ഒരുകിലോ തക്കാളി അഞ്ചുരൂപക്ക് താഴെ വിൽപന നടത്തുമ്പോൾ ചെറിയ ഉള്ളി ഒരുകിലോ 10 രൂപക്കാണ് വിൽപന. ഉദുമൽപേട്ട, പഴനി, ഒട്ടംചത്രം, കുമാരലിംഗം, കൊളുമം, കുടിമംഗലം തുടങ്ങിയ മേഖലയിലാണ് കൂടുതൽ പച്ചക്കറികൃഷി ചെയ്യുന്നത്. കഴിഞ്ഞ രണ്ടുവർഷം കോവിഡ് ലോക്ഡൗൺ കാലത്ത് ഉൽപാദിപ്പിച്ച പച്ചക്കറികൾ വിറ്റഴിക്കാൻ കഴിയാതെ വൻ സാമ്പത്തികനഷ്ടമാണ് കർഷകർക്കുണ്ടായത്. പിന്നീട് ഭാഗികമായി ലോക്ഡൗൺ പിൻവലിച്ചതോടെ വീണ്ടും കൃഷി ഇറക്കുകയായിരുന്നു. ഇവ പാകമായി മർക്കറ്റിലെത്തി തുടങ്ങിയതും ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ ചെറിയ ഉള്ളി തമിഴ്നാട്ടിൽ എത്തുന്നതുമാണ് വില കുറയാൻ കാരണമെന്ന് കർഷകർ പറയുന്നു. ഉദുമൽപേട്ട മൊത്ത വ്യാപാര ചന്തയിൽ 15 കിലോ ഉൾക്കൊള്ളുന്ന ഒരു പെട്ടി തക്കാളി 60 മുതൽ 90 രൂപക്ക് വരെയാണ് വിൽക്കുന്നത്. ചെറിയ ഉള്ളി കിലോ10 മുതൽ 15 രൂപക്കുമാണ് വിൽപന. ചില്ലറ വിപണിയിൽ തമിഴ്നാട് ചന്തകളിൽ തക്കാളി അഞ്ചുമുതൽ എട്ടുരൂപ വരെയും ചെറിയ ഉള്ളി 15 രൂപ മുതൽ 20 രൂപ വരെയുമാണ് വിൽപന നടക്കുന്നത്. അതിർത്തി കടക്കുമ്പോൾ മറയൂരിൽ നാല് കിലോ ചെറിയ ഉള്ളി 100 രൂപക്കും തക്കാളി 10 മുതൽ 15 രൂപയാണ് വില. രണ്ടുദിവസത്തെ ദേശീയ പണിമുടക്കിൽ കേരളത്തിൽനിന്ന് വ്യാപാരികൾ എത്താത്തതിനാൽ ഉൽപാദിപ്പിച്ച പച്ചക്കറികൾ വിറ്റഴിക്കാൻ കഴിയാതെവന്നതും കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.