ഇപ്പോൾ പദ്ധതി രണ്ട്; കോവിൽക്കടവിൽ പുകഞ്ഞ് കുടിവെള്ള രാഷ്ട്രീയം
text_fieldsമറയൂർ: കുടിവെള്ളവിതരണം ആറുവർഷമായി നിലച്ച കാന്തല്ലൂർ പഞ്ചായത്തിലെ കോവിൽക്കടവ് ടൗണിൽ ചൂടുപിടിച്ച് കുടിവെള്ള രാഷ്ട്രീയം. ഒരേ സ്ഥലത്ത് ജലജീവൻ പദ്ധതിയും എ.രാജ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയും നടപ്പാക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നമായത്. പാമ്പാറിന്റെ തീരത്ത് രണ്ടു പദ്ധതികളുടെയും ടാങ്കുകൾ നിർമിക്കുന്നതിനെതിരെ സ്വകാര്യവ്യക്തിയും ബി.ജെ.പിയും രംഗത്തെത്തി.
മറയൂർ, കാന്തല്ലൂർ മേഖലയിൽ ഗോത്രവർഗകുടികൾ അടക്കം വിവിധ മേഖലകളിൽ കുടിവെള്ളമെത്തിക്കാനാണ് ജലജീവൻ പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയിൽ കോവിൽക്കടവ് ടൗണിൽ കുടിവെള്ളവിതരണവും ഉൾപ്പെടുന്നു. ഇതിന്റെ പണികൾ നടന്നുവരുകയാണ്.
ഈ പദ്ധതിയുടെ ഭാഗമായി കോവിൽക്കടവ് ടൗണിന് സമീപമുള്ള മണൽക്കടവിനോട് ചേർന്ന സ്ഥലം അളന്നുതിട്ടപ്പെടുത്തി ബോർഡ് സ്ഥാപിച്ചു. സമീപവാസിയായ രാഗിണി സ്ഥലം തന്റെ കൈവശമാണെന്ന വാദവുമായി രംഗത്തെത്തിയെങ്കിലും അധികൃതർ വഴങ്ങിയില്ല.
അതിനിടെ 2019-20 ൽ മുൻ എം.എൽ.എ. എസ്.രാജേന്ദ്രൻ 20 ലക്ഷം രൂപ കുടിവെള്ളപദ്ധതിക്കായി അനുവദിച്ചു. റവന്യൂ അനുമതി വൈകിയതും പണം തികയാത്തതും കാരണം നാലുവർഷമായി പദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ല. എ.രാജ എം.എൽ.എ ഒമ്പത് ലക്ഷംകൂടി അനുവദിച്ച് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. റവന്യൂ അനുമതിയും ലഭിച്ചു. രാഗിണി കൈവശം വെച്ച സ്ഥലത്ത് ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്ന സ്ഥലത്തിനു സമീപം ടാങ്ക് നിർമിക്കാനാണ് തീരുമാനിച്ചത്.
ഇതിനെതിരേയാണ് പ്രതിഷേധം ഉയർന്നത്. തർക്കസ്ഥലം എ.രാജ എം.എൽ.എ. കഴിഞ്ഞ ദിവസം സന്ദർശിച്ചു. പ്രതിഷേധം കണക്കിലെടുക്കാതെ നിർദിഷ്ടസ്ഥലത്ത് തന്നെ ടാങ്ക് നിർമിക്കാൻ എം.എൽ.എ. നിർദേശംനൽകുകയും ചെയ്തു. ജലജീവൻ പദ്ധതി നടപ്പാക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നും ടൗണിലും പരിസരപ്രദേശത്തും കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും അതിനാലാണ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുന്നതെന്നും എ.രാജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.