മറയൂരിൽ കാട്ടാനകൾ മടങ്ങുന്നില്ല; കൃഷിയിടത്തിൽ സൗരോർജ വേലി നിർമിച്ച് ഗ്രാമീണർ
text_fieldsമറയൂർ: കാട്ടാനകളുടെ ശല്യം തുടരുന്ന കീഴാന്തൂരിൽ കൃഷിയിടത്തിൽ സ്വന്തം ചെലവിൽ ആറ് കിലോമീറ്റർ സോളാർ വേലി നിർമിച്ച് ഗ്രാമവാസികൾ. കാട്ടാനകളുടെ ശല്യത്തിൽ പൊറുതിമുട്ടി ജീവിക്കുന്ന കർഷകരെ സംരക്ഷിക്കാൻ വനം വകുപ്പ് തയാറാകാത്തതിലും വേലി നിർമാണം ഉൾപ്പെടെ പദ്ധതികൾ നടപ്പാക്കാത്തതിലും പ്രതിഷേധിച്ചാണ് കർഷകർ പിരിവെടുത്ത് വേലി നിർമിക്കാൻ തുടങ്ങിയത്.
കാരയൂർ ചന്ദന റിസർവിനോട് ചേർന്നുകിടക്കുന്ന അതിർത്തി മുതൽ ശിവൻപന്തി കീഴാന്തൂർ വരെയാണ് കഴിഞ്ഞയാഴ്ച മുതൽ വൈദ്യുതിവേലി നിർമിച്ചു തുടങ്ങിയിരിക്കുന്നത്. 250ഓളം കുടുംബങ്ങളുള്ള കീഴാന്തൂരിൽ ഗ്രാമത്തിൽ ഊരുകൂട്ടത്തിന്റെ തീരുമാനം അനുസരിച്ച് ഒരുദിവസം 30 പേർ അടങ്ങുന്ന സംഘമാണ് നിർമാണ ജോലിയിൽ ഏർപ്പെടുന്നത്.
ഇവർക്ക് കൂലിയില്ല. എന്നാൽ, സ്വന്തം കൃഷിയെ രക്ഷിച്ചാൽ മാത്രമേ തങ്ങളുടെ കുടുംബജീവിതം നിലനിർത്താൻ കഴിയൂവെന്ന നിശ്ചയത്തിലാണ് ഇവർ രംഗത്തിറങ്ങിയിരിക്കുന്നത്. കാലങ്ങളായി ശീതകാല പച്ചക്കറികളും കമുക്, തെങ്ങ്, വാഴ കാപ്പി ഉൾപ്പെടെയുള്ള വിളകളുമാണ് ചെയ്തുവരുന്നത്. ഇതിലൂടെയാണ് ഇവരുടെ ഉപജീവനം. എന്നാൽ, വർഷങ്ങളായി വന്യമൃഗശല്യം കൊണ്ട് പൊറുതി മുട്ടുകയാണെന്ന് ഇവർ പറയുന്നു.
വർഷങ്ങളായി വനാതിർത്തിയിൽ വൈദ്യുതി നിർമിച്ചിരുന്നെങ്കിലും അശാസ്ത്രീയമായതിനാലും പരിപാലനം ഇല്ലാത്തതിനാലും മാസങ്ങൾക്കുള്ളിൽതന്നെ ഉപയോഗ യോഗ്യമല്ലാതായിത്തീരുകയാണ്. 20ലേറെയുള്ള ആനക്കൂട്ടം ഇപ്പോഴും കൃഷിയിടത്തിൽതന്നെ തമ്പടിച്ചിരിക്കുകയാണ്. ഇതിനെയും ഓടിക്കാൻ നടപടി സ്വീകരിക്കുന്നില്ല.
കഴിഞ്ഞ ദിവസം പയസ്നഗർ വനം വകുപ്പ് ഓഫിസ് ഉപരോധം വരെ നടത്തിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ലെന്നാണ് കർഷകർ പറയുന്നത്. കൃഷിയെ സംരക്ഷിച്ചേ പറ്റൂ എന്ന നിലക്കാണ് കീഴാന്തൂരിലെ ഗ്രാമം ഒന്നടങ്കം ഊരുകൂട്ടം തീരുമാനമെടുത്ത് നാലുലക്ഷത്തോളം രൂപ പിരിവെടുത്ത് നിർമാണം തുടങ്ങിയിരിക്കുന്നത്. കൂടാതെ രാത്രിയിൽ ഗ്രാമത്തിൽനിന്ന് ഓരോ സംഘം തിരിഞ്ഞ് കൃഷിയിടത്തിലേക്ക് കാട്ടാനങ്ങൾ കടക്കാതിരിക്കാൻ കാവൽ നിൽക്കാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.