കാട്ടാനക്കൂട്ടമിറങ്ങുന്നു; പൊറുതിമുട്ടി മറയൂർ ഗ്രാമവാസികൾ
text_fieldsമറയൂർ: കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി മറയൂരിലെ ഗ്രാമവാസികൾ. മറയൂർ പുരവയലിൽ ഏക്കർ കണക്കിന് കൃഷിചെയ്ത് വിളവെടുത്തുകൊണ്ടിരിക്കുന്ന കവുങ്ങ്, തെങ്ങ്, വാഴ, കാപ്പി, കൊക്കോ ഉൾപ്പെടെയുള്ള കൃഷി വിളകളാണ് ദിവസവും രാത്രിയിറങ്ങുന്ന അഞ്ചോളം കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത്. രാത്രി കാട്ടാനകളെ ഓടിക്കാൻ കർഷകർ കൃഷിയിടത്തിൽ കാവൽ നിൽക്കുന്നുണ്ടെങ്കിലും അതൊന്നും വക വെക്കാതെ സമീപത്ത് എത്തി മണിക്കൂറോളം തമ്പടിച്ച് കൃഷി നശിപ്പിക്കുകയാണ്.
മറയൂർ ഗ്രാമത്തിൽ പപ്പുനാഥൻ, പഴനിസ്വാമി, കറുപ്പസ്വാമി, മാരിമുത്തു, കൃഷ്ണൻ എന്നിവരുടെ കൃഷിത്തോട്ടങ്ങളിൽ മാസങ്ങളായി കാട്ടാനകൾ നാശം വിതക്കുകയാണ്. ഇവർ അഞ്ചുപേരും സമീപത്തെ കൃഷിത്തോട്ടം ഉടമകളായ മയിൽവാഹനൻ, രമണൻ, ലക്ഷ്മിപതി, ശിവൻ, ഗണേശൻ എന്നിവരും പതിവായി കാവൽ ഇരിക്കുന്നുമുണ്ട്. വനം വകുപ്പിൽനിന്ന് രണ്ട് വാച്ചർമാരെയും കാട്ടാനയെ തുരത്താൻ കാവലിനിരുത്തിയിട്ടുണ്ട്. ഇവർ തീകൂട്ടിയും ഒച്ചയിട്ടും ഓടിക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. ഇപ്പോൾ നശിപ്പിച്ചിരിക്കുന്ന വിളകൾക്ക് 10 ലക്ഷത്തിലേറെ രൂപ നഷ്ടമുണ്ടെന്നാണ് കർഷകർ പറയുന്നത്. ചിന്നാർ വന്യജീവി സാങ്കേതം അതിർത്തിയായ കരിമുട്ടി മലനിരകളിൽ താണ്ടിയാണ് കാട്ടാനക്കൂട്ടം മൂന്നു വഴികളിലായി എത്തിക്കൊണ്ടിരിക്കുന്നത്. ഈ ഭാഗങ്ങൾ വേലി നിർമിച്ചോ ട്രഞ്ച് കുഴിച്ചോ നിർമാണം നടത്തുകയാണെങ്കിൽ ഒരു പരിധിവരെ കാട്ടാനക്കൂട്ടങ്ങൾ കൃഷിയിടത്തിൽ ഇറങ്ങാതിരിക്കും എന്നാണ് കർഷകർ പറയുന്നത്. തുടർച്ചയായി കൃഷി നശിപ്പിക്കുമ്പോൾ കർഷകർ തങ്ങളുടെ ഉപജീവനമാർക്കത്തിനായി മറ്റു വഴികൾ തേടേണ്ട അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.