കോവിഡ് നിയന്ത്രണം പാളുന്നു; ഇടുക്കിയിലേക്ക് അന്തർ സംസ്ഥാന തൊഴിലാളി പ്രവാഹം
text_fieldsകുമളി: കോവിഡ് ജാഗ്രത തുടരുന്നതിനിടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് തൊഴിലാളികളെ കൂട്ടത്തോടെ ഇടുക്കിയിലേക്ക് എത്തിക്കുന്നു.
കുമളിയിലെ കോവിഡ് ജാഗ്രത സെൻറർ വഴി ഓരോ ദിവസവും 100-200 തൊഴിലാളികളാണ് ജില്ലയിലെ നെടുങ്കണ്ടം, ഉടുമ്പൻചോല പ്രദേശങ്ങളിലേക്ക് പോകുന്നത്. മധ്യപ്രദേശിൽനിന്നുള്ളവരാണ് വരുന്നവരിൽ ഏറെയും.
പശ്ചിമബംഗാൾ, ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലുള്ളവരും കുടുംബസമേതം ഇടുക്കിയിലേക്ക് എത്തുന്നുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ അയ്യായിരത്തിലേറെ പേർ ജില്ലയിലെ ഏലത്തോട്ടം മേഖലയിൽ എത്തിെയന്ന് അധികൃതർ പറയുന്നു.
കമീഷൻ വ്യവസ്ഥയിൽ തൊഴിലാളികളെ എത്തിച്ചുനൽകുന്ന സംഘമാണ് വിവിധ സംസ്ഥാനങ്ങളിൽനിന്ന് വാഹനവുമായെത്തി തൊഴിലാളികളെ കൊണ്ടുവരുന്നത്. ആളൊന്നിന് 10,000 മുതൽ മുകളിലേക്കുള്ള തുകയാണ് ഏജൻറുമാർ തോട്ടം ഉടമകളിൽനിന്ന് ഈടാക്കുന്നത്.
കോവിഡ് ജാഗ്രതയുടെ ഭാഗമായി ഇങ്ങനെ എത്തുന്ന തൊഴിലാളികൾ ക്വാറൻറീനിൽ കഴിയണമെന്ന നിർദേശം നൽകിയാണ് കുമളിയിലെ ജാഗ്രതകേന്ദ്രത്തിൽനിന്ന് അയക്കുന്നത്.
ഇതുസംബന്ധിച്ച് തോട്ടം ഉടമയിൽനിന്ന് എഴുതിവാങ്ങുകയും ചെയ്യും. എന്നാൽ, തോട്ടത്തിലെത്തുന്ന തൊഴിലാളികൾ നാട്ടുകാർക്കൊപ്പം പിെറ്റദിവസം മുതൽ പണിക്കിറങ്ങുന്നതായാണ് വിവരം.
കോവിഡ് വ്യാപനം തടയുന്നതിന് സർക്കാർ സജീവമായി ഇടപെടുന്നതിനിടെയാണ് രോഗവ്യാപനമുള്ള മേഖലകളിൽനിന്ന് ഏജൻറുമാർ വഴി ജില്ലയിലേക്ക് തൊഴിലാളികളെ എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.