ചതിക്കുഴി ഒരുക്കി മൊബൈൽ ഗെയിമുകൾ
text_fieldsഓൺലൈൻ' പഠനാവശ്യത്തിന് പുതിയ മൊബൈൽ ഫോൺ വാങ്ങിനൽകി ജോലിക്കുപോയി മടങ്ങിയെത്തിയ കട്ടപ്പനയിലെ രക്ഷിതാക്കൾ കണ്ടത് മകെൻറ മൃതദേഹമാണ്. 14കാരന് ഫോൺ വാങ്ങിനൽകുേമ്പാൾ ഇവർ ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇങ്ങനെയൊരു ദുരന്തം.
മാസങ്ങളായി ഗെയിമുകളുടെ ലോകത്തായിരുന്നു കുട്ടിയെന്നാണ് ബന്ധുക്കൾ പറയുന്നത്. കോവിഡും ലോക്ഡൗണും സൃഷ്ടിച്ച ഏകാന്തതയും സമപ്രായക്കാരുമായുള്ള ഇടപെടലുകൾ കുറഞ്ഞതും കുട്ടികളെ മൊബൈൽ ഗെയിമുകളടക്കം വിനോദങ്ങളിലേക്ക് വഴിതിരിച്ചിരിക്കുന്നു. കുട്ടികൾ പലരും കളിക്കുന്ന സർവൈവൽ ഗെയിമുകളടക്കമുള്ളവ അതീവ അപകടകരമാണെന്നാണ് സൈബർ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത്തരം ഗെയിമുകൾ അവരെ സാങ്കൽപിക ലോകങ്ങളിൽ അഭിരമിപ്പിക്കുകയാണ്. പല ഗെയിമുകളും ചലഞ്ചിങ് വിഭാഗത്തിലുള്ളതാണ്. അക്രമങ്ങളിലൂടെ വിജയിച്ചാണ് പോയൻറുകൾ സ്വന്തമാക്കുന്നത്. ഇതിൽ പരിചിതരല്ലാത്തവരുമായി കുട്ടികൾ ഇടപഴകുന്നുണ്ട്. സാമ്പത്തിക ചൂഷണത്തിനിരയാകുകയും ചെയ്യുന്നു. കോവിഡ് കാലത്ത് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളുടെ കാരണങ്ങൾ തേടിയാൽ മുതിർന്നവർക്ക് നിസ്സാരമായി തോന്നുന്ന പല കാര്യങ്ങളും വളരെ ഗൗരവതരമാണെന്ന് മനസ്സിലാകും.
ഡിജിറ്റൽ ലോകം കളിയിടം
കളിയിടങ്ങൾ ശൂന്യമായതോടെ കുട്ടികൾ പലരും സാഹചര്യം അനുകൂലമാക്കി ഡിജിറ്റൽ ലോകത്തേക്ക് ഓടിക്കയറുന്ന കാഴ്ചയാണ്. തടസ്സങ്ങളില്ലാതെ മൊബൈൽ ഉപയോഗിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു. ക്ലാസുകൾ ഓൺലൈനായതോടെ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകാൻ രക്ഷിതാക്കളും നിർബന്ധിതരായി. പലരും ഇത് ചൂഷണം ചെയ്യുന്ന സാഹചര്യമുണ്ടെന്നും ക്ലാസുകളിൽ കയറുന്ന കുട്ടികളിൽ പലരും വിഡിയോ ഒാഫ് ചെയ്ത് മറ്റൊരു വിൻഡോ തുറന്ന് ഓൺലൈൻ ഗെയിമുകൾ കളിക്കുകയോ ചാറ്റ് ചെയ്യുകയോ ആണെന്നും പരാതിയുണ്ട്. ക്ലാസിന് ശേഷവും ഹോംവർക്ക്, അസൈൻമെൻറ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് രാത്രി വളരെ വൈകിയും അതിൽ സമയം ചെലവിടുന്നവരുണ്ട്.ഇക്കാര്യങ്ങൾ നിരീക്ഷിക്കേണ്ട രക്ഷിതാക്കളുടെ സാങ്കേതിക പരിജ്ഞാനമില്ലായ്മയും ചില കുട്ടികളെങ്കിലും മുതലെടുക്കുന്നു.
പഠനത്തിൽ പിന്നാക്കം പോകുമെന്ന ആശങ്ക
പഠേനാപകരണങ്ങളുടെ അഭാവവും കുട്ടികളിൽ മാനസിക പ്രയാസമുണ്ടാക്കുന്നുണ്ട്. ജില്ലയിലിപ്പോഴും 11478 കുട്ടികൾ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് കണക്ക്. ജില്ലയിലെ വനവാസി മേഖലകൾ ഉൾപ്പെടുന്ന വിദൂര പ്രദേശങ്ങൾ പലതും നെറ്റ്വർക്ക് കവറേജിന് പുറത്താണ്. പഠനത്തിന് അനുബന്ധ സൗകര്യം ലഭിക്കാത്തവരും ജില്ലയിലുണ്ട്. ഓൺലൈൻ ക്ലാസുകൾ ശരിയായി ലഭിക്കാത്തത് പഠനത്തിൽ പിന്നാക്കം പോകാൻ കാരണമാകുന്നു എന്ന ആശങ്ക അധ്യാപകരോട് പങ്കുവെക്കുന്ന കുട്ടികളും കുറവല്ല. കൂടെയുള്ളവർക്ക് പലർക്കും കിട്ടുേമ്പാൾ തങ്ങൾക്ക് കിട്ടുന്നില്ല എന്ന കുട്ടികളുടെ തോന്നലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
പ്രശ്നങ്ങൾ തുടക്കത്തിലേ കണ്ടെത്തണം - ഡോ. അമൽ എബ്രഹാം (കൺസൽട്ടൻറ് സൈക്യാട്രിസ്റ്റ് ഇടുക്കി ജില്ല ആശുപത്രി)
അമിത മൊബൈൽ ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടികൾ അവരറിയാതെതന്നെ മാനസിക സംഘർഷങ്ങളിലും ചതിക്കുഴികളിലും ചെന്നുവീഴുന്നുണ്ട്. കുട്ടികൾ എല്ലാ കാര്യങ്ങളിലും ജിജ്ഞാസ ഉള്ളവരാണ്. അതുകൊണ്ടുതന്നെ അവർ പുതിയ മേഖലകളിലേക്ക് വളരെ വേഗത്തിൽ വലിച്ചിഴക്കപ്പെടും. ലോക്ഡൗൺ മൂലം സുഹൃത്തുക്കൾ തമ്മിലുള്ള കൂടിച്ചേരലുകൾ കുറഞ്ഞത് ഒരു പ്രശ്നമാണ്.
സ്വന്തം പ്രായത്തിലുള്ള കുട്ടികളുമായുള്ള സമ്പർക്കം കുറഞ്ഞതിനാൽ ഇവരുടെ സൗഹൃദ വലയങ്ങളിൽ പങ്കുവെച്ച് പരിഹരിച്ചിരുന്ന പല കാര്യങ്ങളും ഇപ്പോൾ ചർച്ചചെയ്യാതായി. ഓടിനടന്ന കുട്ടികൾ ഒരു മുറിയിൽ അടയ്ക്കപ്പെട്ടതിെൻറ ബുദ്ധിമുട്ടുകളും േനരിടുന്നു. ഇക്കാരണങ്ങളാൽ വീടിനുള്ളിലേക്ക് ചുരുങ്ങുേമ്പാൾ മൊബൈൽ ഫോൺ പോലുള്ള ഉപാധികളെ അവർ കൂടുതലായി ആശ്രയിക്കുന്നു. പലപ്പോഴും ഇൻറർനെറ്റിെൻറ മായികലോകത്തേക്ക് എത്തുന്ന ഇവർക്ക് ഇതിൽനിന്ന് രക്ഷപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ടാകും. കുട്ടികൾക്ക് മാനസിക സംഘർഷങ്ങളുണ്ടെങ്കിൽ രക്ഷിതാക്കൾക്ക് കണ്ടെത്താൻ കഴിയണം. കഴിയുന്നതും കുട്ടികളുടെ മൊബൈൽ ഉപയോഗം തുറന്ന മുറികളിൽ അനുവദിക്കുക. സ്വന്തം മുറികളിൽ ഇരുന്നുള്ള ഉപേയാഗത്തിന് കൂടുതലായി അനുമതി നൽകരുത്. കുട്ടികളെ ഇത്തരം കാര്യങ്ങളിൽ ശാരീരികമായി ഉപദ്രവിക്കരുത്. കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുകയാകും ഉചിതം.
ചർച്ചചെയ്യാൻ സൗഹൃദ ഇടങ്ങളില്ല
10 മുതൽ 18 വരെ പ്രായമുള്ള കുട്ടികളിലാണ് മൊബൈലിെൻറ അമിത ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സുഹൃത്തുക്കളുമായി ആശയവിനിമയം കഴിയാത്തതിനാൽ തങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഒരിടമില്ലാതായത് പല കുട്ടികളെയും ബുദ്ധിമുട്ടിലാക്കുന്നു. വീടുകളിൽ രക്ഷിതാക്കൾ തമ്മിലെ പിണക്കങ്ങളും ചെറിയ പ്രശ്നങ്ങൾപോലും കുട്ടികൾക്ക് മാനസികസമ്മർദം സൃഷ്ടിക്കുന്നു. വിനോദങ്ങൾക്കായി എവിടെയെങ്കിലും പോകാന് തീരുമാനിച്ചാലും അതിന് കഴിയാത്ത സാഹചര്യവും മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.