വിനോദസഞ്ചാരികൾക്ക് ഭീഷണിയായി ഇടുക്കിയിലെ വാനരപ്പട
text_fieldsഅടിമാലി: റോഡരികിെല വാനരന്മാർ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഭീഷണിയാകുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും വനം അധികൃതർ പിടികൂടുന്ന വാനരന്മാരെ ആളൊഴിഞ്ഞ ഇടങ്ങളിൽ ഉപേക്ഷിക്കുന്നത് പതിവായതോടെ വാനരന്മാർ നിറഞ്ഞ തെരുവോരങ്ങളായി ഹൈറേഞ്ചിലെ പല പ്രദേശങ്ങളും മാറി.
നേര്യമംഗലം വനമേഖല തുടങ്ങിയാൽ വാനരന്മാരുടെ സ്വാധീനമേഖലയായി. ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങളിൽ എപ്പോഴും ഇവയുടെ സാന്നിധ്യമുണ്ട്. വാളറ, പത്താംമൈൽ, പതിനാലാംമൈൽ, മച്ചിപ്ലാവ്, തലമാലി, അടിമാലി പട്ടണത്തിന് മുകൾഭാഗം, കൂമ്പൻപാറ, മറയൂർ, ചിന്നാർ, കാന്തല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ കുരങ്ങുശല്യം കുടിയേറ്റ കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും ജീവനും സ്വത്തിനും ഭീഷണിയായിട്ടുണ്ട്. വാഹനങ്ങൾക്കും വീട്ടുസാധനങ്ങൾക്കും കേടുപാടുണ്ടാക്കുക, തെങ്ങുകളിൽ കരിക്കിൻ കുലകൾ നശിപ്പിക്കുക, കാർഷികവിളകൾ നശിപ്പിക്കുക തുടങ്ങി വലിയ പ്രത്യാഘാതങ്ങളാണ് ഇവ സൃഷ്ടിക്കുന്നത്. വീട്ടിനുള്ളിൽ വസ്ത്രങ്ങളിൽ മൂത്രമൊഴിക്കുക, പേപ്പറുകൾ വലിച്ചുകീറുക തുടങ്ങി പ്രശ്നങ്ങളേറെയാണ്. റോഡിലൂടെ അലക്ഷ്യമായി പായുന്ന ഇവ ഇരുചക്ര വാഹനയാത്രക്കാർക്ക് ഭീഷണിയാണ്. കൊച്ചുകുട്ടികളെ ആക്രമിക്കുന്ന സംഭവങ്ങളും അടുത്തിടെയുണ്ടായി.
മറയൂർ മേഖലയിൽനിന്ന് ദിനംപ്രതി വാനരസംഘം വിതുര ഭാഗത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് ആവശ്യം. ഉപദ്രവകാരികളായ കുരങ്ങുകളെ കണ്ടെത്തി പിടികൂടി ഉൾവനങ്ങളിൽ കൊണ്ടുവിടാൻ വനംവകുപ്പിന് അനുമതിയുണ്ട്. കൂടാതെ, ഇവ നശിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾക്കും നഷ്ടപരിഹാരം നൽകാം. എന്നാൽ, വനംവകുപ്പ് ജീവനക്കാർ ഈ വിഷയത്തിൽ കർഷകർക്ക് എതിരായ തീരുമാനമാണ് എടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.