മൂലമറ്റം അഗ്നിരക്ഷാ നിലയം; കെട്ടിടത്തിന് സ്ഥലമുണ്ടായിട്ടും സിമന്റ് ഗോഡൗണിൽതന്നെ
text_fieldsമൂലമറ്റം: തന്ത്രപ്രധാന മേഖലയിലെ ഫയർസ്റ്റേഷൻ അസൗകര്യങ്ങൾക്ക് നടുവിൽ. എപ്പോൾ വേണമെങ്കിലും തകരാവുന്ന പഴയ സിമന്റ് ഗോഡൗണിലാണ് മൂലമറ്റം ഫയർ സ്റ്റേഷന്റെപ്രവർത്തനം. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമിന്റെ ഭാഗമായ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂലമറ്റത്ത് സർവ സജ്ജീകരണങ്ങളോടെ പ്രവർത്തിക്കേണ്ട സ്ഥാനത്താണ് ഫയർസ്റ്റേഷനാണ് ഈ ദുരവസ്ഥ. താൽക്കാലിക ഷെഡിലാണ് ഇപ്പോൾ സ്റ്റേഷന്റെ പ്രവർത്തനം. കെട്ടിട നിർമാണത്തിന് 99 സെന്റ് സ്ഥലം 2023 മാർച്ചിൽ ഫയർഫോഴ്സിന് കൈമാറിയിരുന്നു. പുതിയ കെട്ടിടം നിർമിക്കുന്നതിന് രൂപരേഖയും തയാറാണ്. പൂർണ എസ്റ്റിമേറ്റ് തയാറാക്കണമെങ്കിൽ സ്ഥലത്ത് നിൽക്കുന്ന വലിയ പാഴ് മരങ്ങളും ക്വാറി മാലിന്യവും നീക്കം ചെയ്യണം. ഇതിനുള്ള പണമോ സംവിധാനമോ സേവന വിഭാഗമായ ഫയർഫോഴ്സിനില്ല. അതിനാൽ വിവിധ വിഭാഗങ്ങളിൽ കത്ത് നൽകി കാത്തിരിക്കുകയാണ്.
2014 ഫെബ്രുവരി 21നാണ് മൂലമറ്റം അഗ്നിരക്ഷ സേന കെ.എസ്.ഇ.ബി ഉപേക്ഷിച്ച പഴയ ഗോഡൗണിൽ പ്രവർത്തനം ആരംഭിച്ചത്.
അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഈ ഗോഡൗണിന്. മഴയത്ത് കെട്ടിടം ആകെ ചോർന്നൊലിക്കും. കമ്പ്യൂട്ടർ മുറിയും ജീവനക്കാരുടെ വിശ്രമമുറിയുമടക്കം എല്ലായിടത്തും വെള്ളം കയറും. കമ്പ്യൂട്ടറും പ്രിന്ററും ഉൾപ്പെടെ ഉപകരണങ്ങൾ പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മൂടിയാണ് സൂക്ഷിക്കുന്നത്.
ഹാൾ പലതായി തിരിച്ച് ഓഫിസ്, വിശ്രമമുറി, കമ്പ്യൂട്ടർ മുറി, അടുക്കള എന്നിവ സജ്ജീകരിച്ചിരിക്കുന്നതിനാൽ പ്രായോഗിക ബുദ്ധിമുട്ടുകളേറെ. വായുസഞ്ചാരവും കുറവ്. കനാൽ കരയിൽ കാടുകയറിയ സ്ഥലത്തിന് സമീപത്താണ് സ്റ്റേഷൻ. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷം. വേനൽകാലത്ത് ചെറിയ കാറ്റത്ത് പോലും ഷീറ്റുകൾ പറന്നുപോവും. പൊടിശല്യം കാരണം അലർജിയും ശ്വാസകോശ സംബന്ധമായ രോഗങ്ങളും പിടിപെടുന്നതിനാൽ കെട്ടിടത്തിനുള്ളിൽ നിന്ന് മാറി സമീപത്തെ മരച്ചുവട്ടിലാണ് ജീവനക്കാർ വിശ്രമിക്കുന്നത്.
ഫയർ എൻജിൻ വലുത്; ഇടുങ്ങിയ വഴികളിൽ പറ്റില്ല
മൂലമറ്റം ഫയർസ്റ്റേഷനിൽ ഉള്ളത് 4500 ലിറ്റർ ജലസംഭരണ ശേഷിയുള്ള വലിയ ഫയർ എൻജിനാണ്. ഇടുങ്ങിയതും ഉയർന്ന പ്രദേശങ്ങളുമായ മേഖലകളിൽ എത്തിപ്പെടാൻ ഈ വാഹനവുമായി സേനക്കാവുന്നില്ല. അപകടം സംഭവിക്കുമ്പോഴും തീ പടരുമ്പോഴും മലകളും കുന്നുകളും താണ്ടി 4500 ലിറ്റർ ജലവുമായി തക്ക സമയത്ത് ഈ വാഹനം എത്തിപ്പെടുന്നില്ല. ഇടുങ്ങിയ റോഡുകൾ ആയതിനാൽ എതിരെ ഒരു വാഹനം വന്നാൽ ഏറെ സമയം അവിടെ നഷ്ടപ്പെടും. റോഡിൽ നിന്ന് ചാടിച്ച് ഓടിക്കേണ്ടി വരുന്നതായും ഡ്രൈവർമാർ പറയുന്നു. നിറയെ ജലം നിറച്ച വാഹനം മലഞ്ചെരുവുകളിലൂടെയും ഇടുങ്ങിയ പാതകളിലൂടെയും റോഡിൽ നിന്നും ഇറക്കി ഓടിക്കേണ്ടി വരുന്നത് വലിയ അപകടങ്ങൾ വരുത്തിവെക്കും.
ടൂറിസ്റ്റ് സങ്കേതമായ വാഗമണ്ണിലും എടാട്, ഇലപ്പള്ളി, അഞ്ചിരി, ആലക്കോട്, നാളിയാനി, പൂച്ചപ്ര, മേലുകാവ്, ഇടപ്പള്ളി തുടങ്ങിയ മേഖലകളിലും നിരന്തരം തീപിടിത്തമുണ്ടാവാറുണ്ട്. വലിയ വാഹനങ്ങളുമായി ഇവിടങ്ങളിൽ എത്തിപ്പെടാൻ ഏറെ സമയം വേണ്ടിവരുന്നുണ്ട്. എത്തിപ്പെടുമ്പോഴേക്കും മിക്കവാറും കത്തിയമർന്നിട്ടുണ്ടാകും. 2700 ലിറ്റർ ശേഷിയുള്ള ചെറിയ വാഹനങ്ങൾ നിലവിൽ ഇടുക്കി, വയനാട് പോലുള്ള മലയോര ജില്ലകളിലേക്ക് നൽകണമെന്നാണ് ആവശ്യം. നിരന്തരം കാട്ടുതീ പടർന്ന് പിടിക്കുകയും ജലാശയ അപകടങ്ങൾ നിരന്തരം ഉണ്ടാവുകയും ചെയ്യാറുള്ള മേഖലയാണ് മൂലമറ്റം. വാഗമണ്ണിൽ സഞ്ചാരികൾ അപകടത്തിൽ പെടുന്നതും പതിവ്. ജീവനക്കാരുടെ കുറവും ഫയർ സ്റ്റേഷനിലുണ്ട്. ഇക്കാരണത്താൽ രാപ്പകൽ അധ്വാനിക്കേണ്ടി വരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.
അപകടം നിരവധി; രക്ഷാ ഉപകരണങ്ങൾ തീരെ കുറവ്
ആകെയുള്ളത് ഒരു ഫയർ എൻജിനും ഒരു ആംബുലൻസും ഒരു ജീപ്പും ഒരു മിനി മിസ്റ്റ് ടെന്ററും മാത്രമാണ്. മൂലമറ്റം പോലൊരു സ്ഥലത്ത് എമർജൻസി ടെണ്ടർ എന്ന സർവ സന്നാഹങ്ങളുള്ള വാഹനം അത്യാവശ്യമാണ്. എമർജൻസി ടെണ്ടർ വാഹനത്തിൽ അപകടത്തിൽ പെടുന്നവരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുക്കാൻ സഹായിക്കുന്നത് ഉൾപ്പെടെ 150ഓളം ആധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതാണ് ഇവിടെ ഇല്ലാത്തത്. വൈദ്യുതി നിലയങ്ങളിലെ അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനാവശ്യമായ ഒരു ഉപകരണവും മൂലമറ്റം ഫയർ സ്റ്റേഷനിലില്ല. വൈദ്യുതോപകരണങ്ങളിലും ഓയിൽ പോലുള്ള വസ്തുക്കളിലും തീപിടിത്തമുണ്ടായാൽ പ്രത്യേകതരം ഉപകരണങ്ങളാണ് തീ കെടുത്തുന്നതിന് ഉപയോഗ്നിക്കുന്നത്.
പവർ ഹൗസിൽ പൊട്ടിത്തെറികൾ ഉണ്ടായാൽ പുക നിറയുകയും വായു സഞ്ചാരം ഇല്ലാതാകുകയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ ആവശ്യമായ ബ്രീത്തിങ് അപ്പാരറ്റസ് പോലും വേണ്ടത്രയില്ല. നിലവിൽ തീ അണക്കാനുള്ള വാഹനം, ജീപ്പ്, ആംബുലൻസ് അത്യാവശ്യം വേണ്ടുന്ന കുറച്ച് ഉപകരണങ്ങൾ എന്നിവ മാത്രമാണ് മൂലമറ്റത്ത് ഉള്ളത്. സെർച്ച് ലൈറ്റ്, മുങ്ങലിന് സഹായിക്കുന്ന റബർ ഡിങ്കി, ഓക്സിജൻ സിലിണ്ടർ, സ്കൂബാ സെറ്റ്, ബ്രീത്തിങ് ഉപകരണങ്ങൾ എന്നിവയും ലഭിച്ചിട്ടില്ല. മലങ്കര ജലാശയം മിക്കവാറും മുങ്ങിമരണങ്ങൾ സംഭവിക്കുന്നിടമാണ്. ഇവിടെ ഫയർഫോഴ്സിന്റെ ഫലപ്രദ സേവനം കിട്ടാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.