മൂലമറ്റം വൈദ്യുതി നിലയം: വാർഷിക അറ്റകുറ്റപ്പണി നീളും
text_fieldsമൂലമറ്റം: മൂലമറ്റം നിലയത്തിലെ ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണി മാർച്ചുവരെ നീളാൻ സാധ്യത. ജൂൺ മുതൽ ഡിസംബർവരെയുള്ള ആറു മാസക്കാലയളവിൽ പൂർത്തീകരിക്കേണ്ട വാർഷിക അറ്റകുറ്റപ്പണിയാണ് സാങ്കേതിക കാരണങ്ങളാൽ നീളുന്നത്.
കൽക്കരി ക്ഷാമം മൂലം പുറംവൈദ്യുതിയിൽ കുറവ് നേരിട്ടതിനെത്തുടർന്നും ഇടുക്കി ഡാമിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതിനെ തുടർന്നും വൈദ്യുതി ഉൽപാദനം പരമാവധിയിൽ എത്തിക്കാൻ ആറ് ജനറേറ്ററും പ്രവർത്തിപ്പിക്കേണ്ടി വന്നതിനാലാണ് വാർഷിക അറ്റകുറ്റപ്പണി യഥാസമയം പൂർത്തിയാക്കാൻ കഴിയാതെ വന്നത്.
കൂടാതെ മൂന്നാം നമ്പർ ജനറേറ്റർ പണി പൂർത്തീകരിക്കാൻ താമസം നേരിടുകയും ചെയ്തു. 1, 3, 4, 6 നമ്പർ ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണിയാണ് നിലവിൽ പൂർത്തീകരിച്ചിട്ടുള്ളത്. രണ്ടാം നമ്പർ ജനറേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണി ഈ മാസം 11ന് പൂർത്തീകരിക്കും. അവശേഷിക്കുന്ന അഞ്ചാം നമ്പർ ജനറേറ്ററിന്റെ അറ്റകുറ്റപ്പണി ഫെബ്രുവരി 14ന് ആരംഭിച്ച് മാർച്ച് ആദ്യവാരത്തോടെ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് നിലയം ജീവനക്കാർ.
വൈദ്യുതി പ്രതിസന്ധി ഉണ്ടാകാൻ സാധ്യതയില്ലാത്ത ജൂൺ മുതൽ ഡിസംബർ വരെയുള്ള ആറു മാസങ്ങളിൽ ഓരോ ജനറേറ്റർ വീതം ഓരോ മാസം എന്ന നിലയിൽ അറ്റകുറ്റപ്പണിക്ക് എടുക്കുകയാണ് പതിവ്. 780 മെഗാവാട്ടാണ് മൂലമറ്റം നിലയത്തിലെ പരമാവധി വൈദ്യുതി ഉൽപാദനം.130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററാണ് നിലയത്തിലുള്ളത്.
ഞായറാഴ്ച സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗം 75.05 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 56.93 ദശലക്ഷം യൂനിറ്റ് പുറംവൈദ്യുതിയും 18.09 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉൽപാദനവുമാണ്. മൂലമറ്റം വൈദ്യുതി നിലയത്തിൽ ഞായറാഴ്ച രാവിലെവരെ 7.23 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.