മൂഴിയാർ സായിപ്പുംകുഴി ആദിവാസി കോളനിയിൽ വെളിച്ചമെത്തി
text_fieldsചിറ്റാർ: മൂഴിയാർ സായിപ്പുംകുഴി ആദിവാസി കോളനിയിൽ വെളിച്ചമെത്തി. ഗുരുനാഥൻമണ്ണ് ചിപ്പൻകുഴി ആദിവാസി കോളനിയിൽ ഇന്നു വൈദ്യുതി എത്തും. ഇതോടെ വൈദ്യുതി ഇല്ലാതെ ഓൺലൈൻ പഠന സൗകര്യം മുടങ്ങിയ ആദിവാസി കുട്ടികൾക്ക് പഠിക്കാൻ സൗകര്യമായി. വർഷങ്ങളായി വെളിച്ചമില്ലാതെ മണ്ണെണ്ണ വിളക്കിെൻറ പ്രകാശത്തിൽ കഴിഞ്ഞ കോളനി നിവാസികളുടെ നീണ്ടകാലത്തെ കാത്തിരിപ്പിനു ശേഷമാണ് വൈദ്യുതി ലഭിക്കുന്നത്. കോന്നി എം.എൽ.എ കെ.യു. ജനീഷ്കുമാർ കോളനികളിലെ കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ മുടങ്ങുന്ന വിവരം അറിഞ്ഞ് ഉദ്യോഗസ്ഥരുമായി ശനിയാഴ്ച കോളനികൾ സന്ദർശിച്ചാണ് അടിയന്തരമായി വൈദ്യുതി എത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
ശനിയാഴ്ച രാവിലെ തന്നെ കക്കാട് വൈദ്യുതി സെക്ഷനിലെ ജീവനക്കാർ മൂഴിയാർ സായിപ്പുംകുഴി കോളനിയിലെത്തി വൈദ്യുതി നൽകുന്നതിനുള്ള ജോലി ആരംഭിച്ചു, വൈകീട്ടോടെ വെളിച്ചമെത്തിച്ചു. സീതത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡുകളിലാണ് മൂഴിയാർ സായിപ്പുംകുഴി, ഗുരുനാഥൻമണ്ണ് ചിപ്പൻകുഴി ആദിവാസി കോളനികളുള്ളത്. വനമേഖലയിലെ ആദിവാസി കുട്ടികളുടെ അവസ്ഥയെപ്പറ്റി ശനിയാഴ്ച മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് അടിയന്തരമായി എം.എൽ.എ വിഷയത്തിൽ ഇടപെട്ടു. ട്രൈബൽ വകുപ്പ് ,വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വാർഡ് മെംബർമാർ എന്നിവർ ഉൾപ്പെടെ കോളനികൾ സന്ദർശിച്ച് ആവശ്യമായ നടപടി സ്വീകരിക്കുകയായിരുന്നു.
മൂഴിയാർ സായിപ്പുംകുഴി കോളനിയിൽ 12വീടാണ് ഉള്ളത്. ഇതിൽ രണ്ടു കുടുംബങ്ങൾക്ക് നിലവിൽ വൈദ്യുതി കണക്ഷനുണ്ട്. ഓമന, ദേവി, വത്സല എന്നീ മൂന്നു കുടുംബങ്ങൾക്കാണ് പുതുതായി കണക്ഷൻ നൽകിയത്.
ഗുരുനാഥൻമണ്ണ് ചിപ്പൻകുഴി കോളനിയിൽ നിലവിൽ നാല് കുടുംബങ്ങളാണ് താമസിക്കുന്നത്. ഒരുവർഷം മുമ്പ് മൂന്ന് കുടുംബങ്ങൾക്ക് കണക്ഷൻ നൽകിയിരുന്നു. എന്നാൽ, ഇവർ ചാർജ് കുടിശ്ശിക വരുത്തിയതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഇതുവരെയുള്ള മുഴുവൻ കുടിശ്ശിക തുകയും ട്രൈബൽ വകുപ്പ് അടച്ചു.
തുടർന്നുള്ള മാസങ്ങളിൽ മൂഴിയാറിലെയും ഗുരുനാഥൻ മണ്ണിലെയും കോളനികളിലെ കുടുംബങ്ങളുടെ വൈദ്യുതി ചാർജും അടയ്ക്കാമെന്ന് ട്രൈബൽ വകുപ്പ് തീരുമാനിച്ചു. ജില്ലയിലെ ആദിവാസി കോളനിയിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിന് ടി.വിയില്ലാത്തതിനാൽ കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോ. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ച് എൽ.ഇ.ഡി ടി.വികൾ വാങ്ങി കഴിഞ്ഞദിവസം ജില്ല കലക്ടറെ ഏൽപിച്ചു. ഇതിൽ ഒരു ടി.വി ഗുരുനാഥൻ മണ്ണ് ചിപ്പൻകുഴി കോളനിയിലെ കുട്ടികൾക്ക് പഠിക്കുന്നതിനുവേണ്ടി ലഭിക്കും. ഇവിടെ ഏഴു കുട്ടികളാണ് പഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.