മുല്ലപ്പെരിയാർ: ശാന്തമായി ഒഴുകി; ആശങ്കയൊഴിഞ്ഞ് ജനം
text_fieldsകുമളി: മുല്ലപ്പെരിയാറിൽനിന്നും കുത്തി ഒഴുകി വരുന്ന ജലത്തിൽ കൃഷിയും വസ്തുവകകളും നശിക്കുമോയെന്ന ആശങ്കയിൽ ദിവസങ്ങൾ തള്ളി നീക്കിയ നദീതീരവാസികൾക്ക് വെള്ളിയാഴ്ച ആശ്വാസത്തിെൻറ ദിനം. 2018ൽ അണക്കെട്ടിൽനിന്ന് ജലം മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതോടെ വീടും കൃഷിയിടങ്ങളും നശിച്ച നാട്ടുകാരിൽ പലർക്കും സ്പിൽവേ ഷട്ടർ തുറന്ന് മുല്ലപ്പെരിയാർ ജലം ഒഴുക്കുന്നത് ഭീതി നിറഞ്ഞ ഓർമയാണ്. കനത്ത മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് 142 ലേക്ക് കുത്തനെ ഉയർന്നതും റെക്കോഡ് നീരൊഴുക്കുമാണ് മുന്നറിയിപ്പില്ലാതെ ഇടുക്കിയിലേക്ക് ജലം ഒഴുക്കാൻ അന്ന് തമിഴ്നാടിനെ പ്രേരിപ്പിച്ചത്.
എന്നാൽ, ഇത്തവണ ജലനിരപ്പ് 142 ലേക്ക് ഉയരുംമുമ്പേ ഇടുക്കിയിലേക്ക് ജലം തുറന്നു വിടണമെന്ന കേരളത്തിെൻറ ആവശ്യം തമിഴ്നാട് അംഗീകരിച്ചതാണ് ആശ്വാസമായത്. അണക്കെട്ടിൽനിന്ന് സെക്കൻഡിൽ 550 ഘന അടി ജലം മാത്രമാണ് ഇടുക്കിയിലേക്ക് ഒഴുകുന്നത്. രാവിലെ 7.30 ഓടെ ഷട്ടർ തുറന്നെങ്കിലും ഒന്നര മണിക്കൂറിനുശേഷമാണ് ജലം ജനവാസ മേഖലയായ വള്ളക്കടവിലെത്തിയത്. നദി മുഴുവൻ പരന്ന് നിറഞ്ഞ് ശാന്തമായി ഇടുക്കിയിലേക്ക് ജലം ഒഴുകിയപ്പോൾ പ്രദേശവാസികളുടെ ആശങ്ക ആശ്വാസത്തിന് വഴിമാറി.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ദേശീയ ദുരന്തനിവാരണ സംഘം, പൊലീസ്, റവന്യൂ, വനം ഉദ്യോഗസ്ഥർ എന്നിവരെല്ലാം വള്ളക്കടവിൽ ദിവസങ്ങളായി ക്യാമ്പ് ചെയ്യുന്നുണ്ട്. അണക്കെട്ടിൽനിന്ന് ജലം തുറന്നു വിട്ടശേഷം വള്ളക്കടവിലെ ജനവാസ മേഖല മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. രാജൻ, വാഴൂർ സോമൻ എം.എൽ.എ, ജില്ല കലക്ടർ ഷീബ ജോർജ് എന്നിവർ സന്ദർശിച്ചു. ജലനിരപ്പ് താഴുന്നതിനായി ശനിയാഴ്ച വരെ സ്പിൽവേ ഷട്ടറുകൾ തുറന്നു വെക്കാനാണ് അധികൃതരുടെ തീരുമാനം. അണക്കെട്ടിെൻറ വൃഷ്ടി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതും പ്രതിസന്ധിക്ക് അയവ് വരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.