മൂന്നാറിൽ മൂന്ന് പഞ്ചായത്തുകൾക്ക്, ഒരു പ്രാഥമികാരോഗ്യകേന്ദ്രം
text_fieldsഭാഗം രണ്ട്:
മൂന്നാർ: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ മൂന്ന് പഞ്ചായത്ത് ആശ്രയിക്കുന്ന ആതുരാലയമാണ് ദേവികുളം പ്രാഥമികാരോഗ്യകേന്ദ്രം. പരിമിതികൾക്കുള്ളിൽ നിന്ന് ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾ ഉറപ്പുവരുത്താനാണ് ശ്രമം. മൂന്നാർ, ദേവികുളം, ഇടമലക്കുടി പഞ്ചായത്തുകളുടെ ആരോഗ്യകേന്ദ്രമാണ് ദേവികുളം. പേരിൽ പ്രാഥമികാരോഗ്യ കേന്ദ്രമാണെങ്കിലും സാമൂഹികാരോഗ്യകേന്ദ്രമായാണ് പ്രവർത്തനം.
കിടത്തിച്ചികിത്സ ഇല്ല എന്നതാണ് പ്രധാന പോരായ്മ. ഇടമലക്കുടിയിൽനിന്നടക്കം രോഗികൾക്ക് കിടത്തിച്ചികിത്സ വേണ്ടിവന്നാൽ 70 കി.മീ. അകലെ അടിമാലിയിൽ എത്തണം. തോ ട്ടം തൊഴിലാളികൾക്ക് കമ്പനിവക ആശുപത്രിയിൽ ചികിത്സ ലഭിക്കും. അല്ലാത്തവർക്ക് ഈ സർക്കാർ ആശുപത്രിയാണ് ആശ്രയം. രണ്ട് സ്ഥിരം ഡോക്ടർമാരും ദേശീയ ഗ്രാമീണ ആരോഗ്യമിഷെൻറ ഒരു ഡോക്ടറുമാണ് ഉള്ളത്.
എൻ.ആർ.എച്ച്.എം ഡോക്ടർ അടിമാലിയിലേക്ക് കോവിഡ് ചുമതലയുമായി പോയതോടെ രണ്ടുപേരായി. മഴക്കാലരോഗങ്ങൾ വർധിച്ചാൽ രണ്ടുപേർ മതിയാകില്ല. ഗ്രേഡ് രണ്ട് നഴ്സുമാർ രണ്ട് പേരാണുള്ളത്. ഗ്രേഡ് ഒന്ന് നഴ്സിെൻറ തസ്തികയിൽ നിയമനം നടന്നിട്ടില്ല. ജെ.പി.എച്ച്. എൻ, ജെ.എച്ച്.ഐ, ഹെൽത്ത് ഇൻസ്പെക്ടർ, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടേതടക്കം 37 തസ്തികയിൽ ജീവനക്കാരുള്ളത് 15ൽ താഴെ മാത്രം. 22 തസ്തിക ഒഴി ഞ്ഞുകിടക്കുന്നു.
ദിവസവും നൂറിലേറെ രോഗികളാണ് എത്തുന്നത്. രാജഭരണകാലത്ത് പ്രവർത്തനം തുടങ്ങിയ ആശുപത്രിയിൽ തമിഴ്നാട്ടിൽനിന്നുള്ള രോഗികൾ വരെ എത്തിയിരുന്നു. 1800കളുടെ അവസാനത്തിൽ ചികിത്സ നടത്തയതിെൻറ രേഖകൾ ഇപ്പോഴും ഇവിടെ ഉണ്ട്. നിയമനം ലഭിച്ചാലുടൻ സ്ഥലംമാറ്റം വാങ്ങി പോകുന്ന ഡോക്ടർമാർക്ക് അപവാദമാണ് നിലവിലെ ഡോക്ടർമാർ. തിരുവനന്തപുരത്തുനിന്നുള്ള ഡോക്ടർ അശ്വതി മൂന്നുവർഷമായി ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ചുറ്റുമതിൽ ഇല്ലാത്തത് ആശുപത്രിയുടെ പ്രവർത്തനത്തിന് അസൗകര്യം സൃഷ്ടിക്കുന്നുണ്ട്. വളർത്തുമൃഗങ്ങൾ മുറ്റത്തും പരിസരങ്ങളിലും അലഞ്ഞുതിരിയുന്നത് പതിവുകാഴ്ചയാണ്. ആശുപത്രി വളപ്പിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വന്മരങ്ങൾ കടപുഴകാൻ സാധ്യതയേറെ. മുൻ വർഷങ്ങളിൽ മഴക്കാലത്ത് കാറ്റിലും മഴയിലും മരങ്ങൾ മറിഞ്ഞുവീഴുന്നത് ഭയന്ന് ഡോക്ടർമാർ അടക്കം ജീവനക്കാർ ഇവിടെനിന്ന് താമസം മാറുന്നതാണ് പതിവ്. ഇത്തരം ഭീഷണി ഒഴിവാക്കാൻ ഈ വർഷം മരങ്ങൾ മുറിച്ചുതുടങ്ങിയിട്ടുണ്ട്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.