മൂന്നാറിലെ മലിനജല സംസ്കരണ പ്ലാന്റ് നിർമാണം അനിശ്ചിതത്വത്തിൽ
text_fieldsമൂന്നാർ: മുതിരപ്പുഴയാറിന്റെ ശുചീകരണത്തിനും മൂന്നാറിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും പരിഹാരമാകുമായിരുന്ന മലിനജല സംസ്കരണ പ്ലാന്റ് നിർമാണം അനിശ്ചിത്വത്തിൽ. പഞ്ചായത്തിന് കീഴിൽ കല്ലാറിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് പ്ലാന്റ് നിർമാണം ആരംഭിച്ചത്.
പഞ്ചായത്തും സംസ്ഥാന ശുചിത്വ മിഷനും സംയുക്തമായി മൂന്നുകോടി ചെലവിട്ടാണ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്.
എന്നാൽ, കല്ലാർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന് കണ്ണൻദേവൻ കമ്പനി പദ്ധതിക്കെതിരെ കോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് വാങ്ങിയതാണ് നിർമാണം പാതിവഴിയിൽ നിലക്കാൻ കാരണം.
നൂറുകണക്കിന് റിസോർട്ടുകളും കോട്ടേജുകളും മറ്റ് സ്ഥാപനങ്ങളും മൂന്നാറിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽനിന്ന് നിശ്ചിത ഫീസ് ഈടാക്കി ശുചിമുറി മാലിന്യം ശേഖരിച്ച് കല്ലാറിലെ പ്ലാന്റിലെത്തിച്ച് ശുദ്ധീകരിക്കാനും ഖരമാലിന്യം ജൈവവളമാക്കി മാറ്റാനുമുള്ളതാണ് പദ്ധതി. മൂന്നാർ ടൗണിലെ ഒട്ടുമിക്ക സ്ഥാപനങ്ങളിൽ നിന്നും ശുചിമുറി മാലിന്യം നഗരമധ്യത്തിലൂടെ കടന്നുപോകുന്ന മുതിരപ്പുഴയാറിലേക്കാണ് ഒഴുക്കുന്നത്. ഇതുമൂലം പുഴ തീർത്തും മലിനമാണ്. ചില ഹോട്ടലുകൾ രാത്രിയുടെ മറവിൽ ശുചിമുറി ടാങ്കുകൾ പുഴയിലേക്ക് തുറന്നുവിടുന്നത് ദുർഗന്ധത്തിനും പരിസര മലിനീകരണത്തിനും കാരണമാകുന്നു. ഇതിനെല്ലാം ശാശ്വത പരിഹാരമായാണ് മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്.
കല്ലാറിലെ മാലിന്യ സംസ്കരണ പ്ലാന്റിന് സമീപമാണ് തോട്ടംതൊഴിലാളി ലയങ്ങൾ സ്ഥിതിചെയ്യുന്ന ഫാക്ടറി ഡിവിഷൻ.
ഇവരുടെ ശുദ്ധജലസ്രോതസ്സുകൾ മലിനമാവുന്നതായും പരിസര മാലിനീകരണവും ദുർഗന്ധവും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുന്നതായും ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ പിന്തുണയോടെ തൊഴിലാളികൾ പദ്ധതിക്കെതിരെ സമരവുമായി രംഗത്തിറങ്ങിയതും കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.