കുറ്റിയാർവാലിക്കാർക്ക് പട്ടയം ലഭിച്ചിട്ട് 15 വർഷം; പറയാതെ വയ്യ, എന്ത് പ്രഹസനമാണിതൊക്കെ...?
text_fieldsമൂന്നാർ: ഭൂമിയുടെ കൈവശാവകാശം അംഗീകരിച്ച് സർക്കാർ പട്ടയം കൈമാറി 15 വർഷമായിട്ടും കുറ്റിയാർവാലിയിൽ ഇതുവരെ ഭൂമി അളന്നുനൽകാതെ സർക്കാർ. പട്ടയം ലഭിച്ചിട്ടും ഭൂമി അളന്നുനൽകാത്ത കുറ്റിയാർവാലിയിൽ പ്രത്യേക സർവേ ടീമിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേവികുളം തഹസിൽദാർ കഴിഞ്ഞ ദിവസം ജില്ല കലക്ടർക്ക് കത്തുനൽകി. 2010ലാണ് ഭൂരഹിതരായ തോട്ടം തൊഴിലാളികളായ 3500 പേർക്ക് കുറ്റിയാർവാലിയിൽ വീടുവെക്കാൻ സർക്കാർ ഭൂമി നൽകിയത്. ആദ്യഘട്ടത്തിൽ 770 പേർക്ക് 10 സെന്റ് വീതവും ബാക്കിയുള്ളവർക്ക് പിന്നീട് അഞ്ച് സെന്റ് വീതവും ഭൂമി വിതരണം ചെയ്തു. രണ്ടാംഘട്ട വിതരണത്തിൽ 380 പേർക്ക് പട്ടയം നൽകിയെങ്കിലും 15 വർഷമായിട്ടും ഇതുവരെ ഭൂമി അളന്നുനൽകാൻ റവന്യു വകുപ്പ് തയാറായില്ല.
240 പേർക്ക് നൽകിയ ഭൂമി വാസയോഗ്യമല്ലാത്തതിനാൽ മാറ്റി നൽകാൻ റവന്യു വകുപ്പ് തീരുമാനിച്ചിരുന്നു. ഇതും നടപ്പായില്ല. താലൂക്കിൽ മൂന്ന് സർവേയർമാർ മാത്രമാണുള്ളതെന്ന കാരണത്താൽ ഭൂമി അളന്ന് തിരിച്ചുകൊടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു റവന്യു വകുപ്പ്. അതിനിടെ സി.പി.ഐ ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് പ്രത്യേക സർവേ ടീമിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് കത്ത് നൽകിയത്.
കുറ്റിയാർവാലിയിലെ ഭൂമി അളന്ന് തിരിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് ഏജന്റുമാർ രംഗത്തി കൈവശക്കാരെ കബളിപ്പിക്കാനും ശ്രമം നടക്കുന്ന പശ്ചാത്തലത്തിലുമാണിത്. പട്ടയം ലഭിച്ചിട്ടും ഭൂമി കിട്ടാത്തവരെ ഫോണിൽ വിളിച്ചാണ് ചില മൂന്നാർ സ്വദേശികളായ ഏജന്റുമാരുടെ സഹായത്തോടെ മലപ്പുറം സ്വദേശി ഭൂമി അളന്ന് തിരിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് പണം ആവശ്യപ്പെട്ടത്. അഞ്ച് സെന്റ് സ്ഥലം അളന്നു തിരിക്കുന്നതിന് 3500 രൂപയാണ് ഫീസായി ആവശ്യപ്പെടുന്നത്. പണമടച്ചാൽ ഭൂമി അളന്ന് തിരിച്ചുനൽകുമെന്നാണ് വാഗ്ദാനം. എന്നാൽ സർക്കാർ വിതരണം ചെയ്ത ഭൂമി അളന്നുതിരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആരും ചതിയിൽ പെടരുതെന്നും ദേവികുളം തഹസിൽദാർ ആർ. ഹരികുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.