ആദിയും അന്തവുമില്ലാതെ വനാന്തരത്തിലൊരു പാലം
text_fieldsമൂന്നാർ: രണ്ടറ്റവും നിലം തൊടാതെ വർഷങ്ങളായി ആകാശത്തേക്ക് തലയുയർത്തി നിൽക്കുകയാണ് ഇടമലക്കുടി വനാന്തര പാതയിലെ ഈ പാലം. പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് നീക്കിവെച്ചിരിക്കുന്ന ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നതിന്റെ നേർക്കാഴ്ചയാണ് വനപാതയിൽ ഇഡലിപ്പാറക്ക് സമീപം നിർമിച്ച ഈ കോൺക്രീറ്റ് പാലം. ഇടമലക്കുടി സമഗ്ര വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് ഇവിടെ അരുവിക്ക് കുറുകെ 2014ൽ പാലം നിർമിച്ചത്. വനം വകുപ്പിനായിരുന്നു നിർമാണ നിർവഹണച്ചുമതല. കരാർതുക കൈമാറുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ഉടക്കി കരാറുകാരൻ പണി പാതിവഴിയിൽ ഉപേക്ഷിച്ച് സ്ഥലം വിട്ടു. കോൺക്രീറ്റ് തൂണുകളിൽ പാലം വാർത്തെങ്കിലും അപ്രോച് റോഡ് നിർമിച്ച് ഇരുവശവും ബന്ധിപ്പിച്ചില്ല. അതുകൊണ്ടുതന്നെ വനമധ്യത്തിൽ രണ്ട് തൂണിലായി രണ്ടറ്റവും മുട്ടാതെ ഒമ്പതുവർഷമായി ഈ പാലം നിൽക്കുന്നു. ഊരുകളിലേക്കുള്ള ജീപ്പുകൾ ഇവിടെ അരുവിയിലൂടെ ചാടിച്ചാണ് കടന്നുപോകുന്നത്. മഴക്കാലത്ത് കുത്തൊഴുക്ക് ഉണ്ടാവുമെന്നതിനാൽ ജീപ്പ് യാത്രയും അസാധ്യമായി ഊരുകൾ ഒറ്റപ്പെടും.
നിലവിൽ ഇടമലക്കുടി റോഡ് കോൺക്രീറ്റിങിന് 18 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത്തവണയെങ്കിലും പാലം രണ്ടറ്റവും നിലം തൊടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.