ആനയെ കണ്ട് വഞ്ചി തിരിക്കുന്നതിനിടെ അപകടം; ആനയിറങ്കൽ ജലാശയത്തിൽ രണ്ടുപേരെ കാണാതായി
text_fieldsമൂന്നാർ-അടിമാലി: ആനയിറങ്കൽ ജലാശയത്തിലൂടെ മറുകര കടക്കുന്നതിനിടെ തീരത്ത് കാട്ടാനയെ കണ്ട് ഭയന്ന് വഞ്ചിയിൽനിന്ന് വീണ രണ്ടുപേരെ കാണാതായി.
ആദിവാസി പുനരധിവാസ മേഖലയായ ചിന്നക്കനാൽ 301 കോളനിയിൽ ഇടിക്കുഴി ഭാഗത്ത് താമസിക്കുന്ന ഗോപി നാഗൻ (60), പാറക്കൽ സജീവൻ (38) എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ പൂപ്പാറ ടൗണിൽ പോയി സാധനങ്ങൾ വാങ്ങിയ ശേഷം ആനയിറങ്കലിലെത്തിയ ഇരുവരും ഉച്ചയോടെ ജലാശയത്തിലൂടെ വള്ളത്തിൽ 301 കോളനിയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
തീരം അടുക്കാറായപ്പോഴാണ് പെട്ടെന്ന് കാട്ടിൽനിന്ന് തീരത്തേക്ക് ആനയിറങ്ങി വരുന്നത് കണ്ടത്. ഒച്ചവെച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചതോടെ ആന വെള്ളത്തിലേക്ക് കാലെടുത്തുവെച്ചു. തങ്ങൾക്ക് നേരെ വരുകയാണെന്ന് ഭയന്ന് ഇരുവരും വഞ്ചി തിരിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
ഈ സമയത്ത് പ്രദേശത്ത് ശക്തമായ കാറ്റുമുണ്ടായിരുന്നു. ഇതോടെയാണ് വഞ്ചിമറിഞ്ഞത്. വെള്ളത്തിൽ വീണ ഗോപി ഉടൻ മുങ്ങി താഴ്ന്നു. കരയിലേക്ക് നീന്തിക്കയറാൻ ശ്രമിച്ച സജീവന്റെ നിലവിളി പ്രദേശവാസിയായ രഞ്ജിത്ത് കേട്ടിരുന്നു. രഞ്ജിത്ത് ഓടിയെത്തിയപ്പോഴേക്കും സജീവനും മുങ്ങിത്താഴ്ന്നു. ഇവരുടെ വള്ളം മറിഞ്ഞതിന്റെ മറുഭാഗത്ത് ജലാശയത്തിൽ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു.
കൂടുതൽ പേരെത്തി തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. മൂന്നാർ, രാജാക്കാട് അഗ്നിരക്ഷാ സേന യൂനിറ്റുകളും ശാന്തൻപാറ പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകീട്ട് അഞ്ചിന് തൊടുപുഴയിൽനിന്നുള്ള സ്കൂബ ടീമംഗങ്ങളും തിരച്ചിൽ ആരംഭിച്ചു. രക്ഷാ പ്രവർത്തനം നടക്കുമ്പോഴും കാട്ടാനക്കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറഞ്ഞു.
അപകടത്തിൽ കാണാതായ സജീവന്റെ മാതാവ് മോളി 2007ൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.