ദേവികുളത്ത് വീട്ടമ്മയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതി പിടിയിൽ
text_fieldsമൂന്നാർ: ദേവികുളത്ത് വീട്ടമ്മയെ തലക്കടിച്ച് ഗുരുതര പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി രാംകുമാർ ദാസിനെ (40) ആണ് ദേവികുളം പൊലീസ് പിടികൂടിയത്.
ദേവികുളം ടൗണിൽ ദൂരദർശൻ കേന്ദ്രത്തിന് സമീപത്തെ താമസക്കാരനും ദേവികുളം കോടതി ജീവനക്കാരനുമായ കെ.കെ. റെജിമോന്റെ ഭാര്യ ടെസിയാണ് (31) ആക്രമണത്തിനിരയായത്.
വെള്ളിയാഴ്ച ഉച്ചക്ക് ടെസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ ശേഷം സമീപത്തെ തേയിലത്തോട്ടത്തിലേക്ക് ഓടിമറഞ്ഞ ഇയാളെ രാത്രി ഏഴുമണിയോടെ ദേവികുളം ടോൾ പ്ലാസക്ക് സമീപത്തുനിന്നാണ് പിടികൂടിയത്. പകൽ തേയിലത്തോട്ടത്തിൽ ഒളിച്ചിരുന്നശേഷം സന്ധ്യക്ക് റോഡിലെത്തി ബസ് കയറിപ്പോകാനായിരുന്നു ഇയാളുടെ പദ്ധതി. കാട്ടിൽനിന്ന് റോഡിലേക്ക് ഇറങ്ങിയ സമയത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന്റെ മുന്നിൽപെടുകയായിരുന്നു. മൂന്നാർ ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരുന്നു.
കവർച്ച ലക്ഷ്യമിട്ടാണ് ഇയാൾ ടെസിയെ ആക്രമിച്ചത്. മുമ്പ് കണ്ണൻ ദേവൻ കമ്പനിയുടെ ചൊക്കനാട് എസ്റ്റേറ്റിലെ ഈസ്റ്റ് ഡിവിഷനിൽ താമസിച്ചിരുന്ന ഇയാൾ തന്റെ വാഹനത്തിന്റെ വായ്പാ കുടിശിക അടയ്ക്കാനാണ് മൂന്നാറിലെത്തിയതെന്നാണ് പൊലീസിനോട് പറഞ്ഞത്. വീടിന്റെ പിൻഭാഗത്തെ മുറ്റത്ത് തുണി അലക്കുകയായിരുന്നു ടെസി. ഈ സമയത്താണ് മുഖംമറച്ച് അക്രമി എത്തിയത്. കയ്യിൽ കല്ലും തടിക്കഷണവുമായി വന്ന ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചു. എതിർത്തതോടെ മൽപ്പിടിത്തമായി. ഇതിനിടെ തലയിൽ കല്ലും തടിക്കഷണവുംകൊണ്ട് ആക്രമിക്കുകയായിരുന്നു. ടെസിയുടെ കരച്ചിൽ കേട്ട് റോഡിൽനിന്ന് ആളുകൾ ഓടിയെത്തിയപ്പോഴേക്കും അക്രമി കടന്നുകളഞ്ഞു. ആക്രമണസമയത്ത് ഇവരുടെ മൂന്നുവയസ്സുള്ള മകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തലക്ക് ഗുരുതര പരിക്കേറ്റ ടെസിയെ മൂന്നാർ ടാറ്റ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.