റോഡ് തകർന്നു; കാർഷിക ഉൽപന്നങ്ങൾ എത്തിക്കാൻ കഴുതകൾ
text_fieldsമൂന്നാർ: ഗ്രാമീണ റോഡുകൾ തകർന്ന് തരിപ്പണമായതോടെ വട്ടവട പഞ്ചായത്തിൽപെട്ട വിദൂര അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾക്ക് കാർഷിക ഉൽപന്നങ്ങൾ എത്തിക്കാൻ ആശ്രയം കഴുതകൾ.
കോവിലൂർ-ചിലന്തിയാർ, കോവിലൂർ-കൊട്ടക്കാമ്പൂർ റോഡുകളാണ് തകർന്നത്. ഇതിൽ ഏഴു കി.മീ. ദൂരം വരുന്ന കോവിലൂർ-ചിലന്തിയാർ റോഡ് പൂർണമായി തകർന്ന് ഗതാഗതം അസാധ്യമായ നിലയിലാണ്.
വട്ടവട പഞ്ചായത്തിലെ ആദിവാസി ഊരുകൾ ഈ മേഖലയിലാണ്. സ്കൂൾ വാഹനങ്ങൾ എത്താതായതോടെ ആദിവാസി ഊരുകളായ കൂടല്ലാർ, വത്സപ്പട്ടി, സാമിയാർ അള, പട്ടികജാതി കോളനി ഉൾപ്പെട്ട പഴത്തോട്ടം എന്നിവിടങ്ങളിൽനിന്നുള്ള കുട്ടികൾക്ക് സ്കൂളുകളിൽ എത്താൻ കഴിയാതായി. സ്കൂളിലേക്കും തിരിച്ചും 14 കി. മീ. നടക്കണം. ഇതുമൂലം ആദിവാസി മേഖലയിൽനിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്കും വർധിച്ചിട്ടുണ്ട്.
2010ൽ പി.എം.എസ്.വൈ പദ്ധതിയിൽപെടുത്തി നിർമിച്ചതാണ് കോവിലൂർ-ചിലന്തിയാർ റോഡ്. വർഷങ്ങളായി തകർന്നുകിടക്കുന്ന ഈ റോഡ് രണ്ടാഴ്ച മുമ്പുണ്ടായ കനത്ത മഴയിൽ മണ്ണിടിഞ്ഞും മറ്റും പൂർണമായി തകർന്നു. ഇതുവഴി കോവിലൂരിൽനിന്ന് പഴത്തോട്ടത്തേക്ക് 15 കിലോമീറ്ററാണ് ദൂരം. നാല് ഊരുകളിലായി നാനൂറോളം ആദിവാസി കുടുംബങ്ങളാണുള്ളത്. കൃഷിയും ചെറുകിട വനവിഭവ ശേഖരണവുമാണ് ഇവരുടെ പ്രധാന ഉപജീവന മാർഗം.
തങ്ങളുടെ കാർഷിക ഉൽപന്നങ്ങൾ വിപണനത്തിന് പഞ്ചായത്ത് ആസ്ഥാനമായ കോവിലൂരിൽ എത്തിക്കാൻ മാർഗം അടഞ്ഞതോടെ ഇവക്ക് വിലയും കിട്ടാതായി. കഴുതപ്പുറത്ത് കയറ്റി നടന്നാണ് ഇപ്പോൾ ഇവർ ഉൽപന്നങ്ങൾ എത്തിക്കുന്നത്.
ഈ മേഖലയിൽ ആർക്കെങ്കിലും അടിയന്തര ചികിത്സ ആവശ്യമായി വന്നാൽ മണിക്കൂറുകൾ നടന്നുവേണം സി.എച്ച്.സി പ്രവർത്തിക്കുന്ന കോവിലൂരിൽ എത്താൻ. റോഡുകൾ തകർന്നത് മൂലം പഞ്ചായത്തിലെ മുഴുവൻ ആദിവാസി ഊരുകളും ഒറ്റപ്പെട്ട നിലയിലാണ്. അടിയന്തരമായി ഈ റോഡുകൾ ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ മഴ കനക്കുന്നതോടെ ജനങ്ങളുടെ ദുരിതവും വർധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.