നാടൻ തോക്കുമായി പിടിയിലായവരെ വനപാലകർ വിട്ടയച്ചെന്ന്
text_fieldsമൂന്നാർ: കാട്ടുപന്നി ഇറച്ചിയും നാടൻതോക്കും തോട്ടയുമായി പിടികൂടിയ മൂന്ന് പ്രതികളെ വനപാലകർ വിട്ടയച്ചതായി ആക്ഷേപം. തിങ്കളാഴ്ച പുലർച്ച അഞ്ചരയോടെ 10 കിലോയോളം ഇറച്ചിയുമായി ഒരാളെ വനപാലകർ ടൗണിനടുത്തുനിന്ന് പിടികൂടിയിരുന്നു. ഇതിനിടെ ഇയാളോടൊപ്പം നായാട്ടിനുപോയ മറ്റൊരാൾ വീട്ടിലെത്തിയോ എന്ന് അേന്വഷിച്ച് ഫോൺ ചെയ്തു. ഇയാളെയും കൈയോടെ പിടികൂടി.
ആറരയോടെ ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ ഇവർ താമസിക്കുന്ന എസ്റ്റേറ്റിൽ ഇരുവരെയും കൊണ്ടുവന്നു. ഒരു ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അടക്കം നാല് ഫോറസ്റ്റ് ഉദ്യോഗസ്ഥർ രണ്ടു പേരെയും വിലങ്ങണിയിച്ച് ഔദ്യോഗിക വാഹനത്തിലാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഇവർ പറഞ്ഞതനുസരിച്ച് ഒരു നാടൻ തോക്കും, തോട്ടയും കൂട്ടാളിയായ മറ്റൊരാളെയും കസറ്റഡിയിൽ എടുത്ത് മടങ്ങി.
എസ്റ്റേറ്റിലെ താമസക്കാർ വഴി വിവരം പുറത്തറിഞ്ഞെങ്കിലും ഉച്ചയോടെ പിടിയിലായവരെല്ലാം പുറത്തിറങ്ങി. വെറുതെ മൂന്നുപേരെയും കസ്റ്റഡിയിൽ എടുത്തതാണെന്നും അന്വേഷണത്തിൽ ഇവർ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ബോധ്യമായപ്പോൾ വിട്ടയച്ചെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.