ആ സഹപാഠികൾ കോവിഡ് ഭീഷണിയിൽ മലകയറിയത് മരണത്തിലേക്ക്
text_fieldsമൂന്നാർ: കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചതോടെയാണ് കൂട്ടുകാരായ ആ പത്ത് പേർ പെട്ടിമുടി കയറിയത്. ഒരു പക്ഷേ ഹോസ്റ്റലുകൾ അടച്ചില്ലായിരുന്നെങ്കിൽ രാജമല പെട്ടിമുടി ദുരന്തത്തിൽ അവർ ഉൾപ്പെടില്ലായിരുന്നു. 16 വയസ്സിൽ താഴെയുള്ള 15 കുട്ടികളാണ് മണ്ണിനടിയിലകപ്പെട്ടത്.
ഇവരിൽ 10 പേർ മൂന്നാർ, മറയൂർ, ചിന്നക്കനാൽ എന്നിവിടങ്ങളിലെ വിവിധ സ്കൂൾ ഹോസ്റ്റലുകളിൽനിന്ന് പഠിക്കുന്നവരായിരുന്നു. പഠിക്കുന്ന സ്കൂളുകളിലേക്ക് പെട്ടിമുടിയിൽനിന്ന് വനത്തിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കണം. ഇക്കാരണത്താലാണ് ഹോസ്റ്റലുകളിൽ താമസമാക്കിയത്. മാസത്തിൽ ഒരിക്കലാണ് ലയങ്ങളിലേക്ക് വരാറുള്ളത്. കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളും ഹോസ്റ്റലും അടച്ചതോടെ ഇവരെല്ലാം ലയങ്ങളിലേക്ക് തിരികെയെത്തി. ദുരന്തത്തിലകപ്പെട്ട ആറ് കുട്ടികളുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്.
ചിന്നക്കനാൽ എഫ്.എച്ച്.എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ സഞ്ജയ്, ജോഷ്വ, എട്ടാം ക്ലാസുകാരി സിന്ധുജ, മൂന്നാർ എൽ.എഫ്.ജി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥി രാജലക്ഷ്മി, ഒമ്പതാം ക്ലാസിലെ വിനോദിനി, രാജമല എ.എൽ.പി.എസിലെ മൂന്നാം ക്ലാസുകാരി വിജയലക്ഷ്മി എന്നിവരാണ് മരിച്ചത്. ബാക്കി എട്ട് കുട്ടികളെ കണ്ടെത്താനായിട്ടില്ല. മറയൂർ സെൻറ് മേരീസ് യു.പി സ്കൂൾ, കാർമലഗിരി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികളുമുണ്ട് കാണാതായവരിൽ.
രാജമല സ്കൂളിലെ മൂന്നും കാർമലഗിരി സ്കൂളിലെ രണ്ടും കുട്ടികളൊഴിച്ച് ബാക്കിയെല്ലാവരും ഹോസ്റ്റലുകളിൽ നിന്നാണ് പഠിച്ചിരുന്നത്.
ദുരന്തം നടന്ന പ്രദേശത്തെ അവശേഷിക്കുന്ന ലയങ്ങളിലെ കുട്ടികളെ സമഗ്രശിക്ഷ കേരള മൂന്നാർ ബി.ആർ സി ബ്ലോക്ക് പ്രോഗ്രാം കോഒാഡിനേറ്ററുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സന്ദർശിച്ചിരുന്നു.
ലയത്തിൽനിന്ന് രക്ഷപ്പെട്ട കുട്ടികൾ വലിയ മാനസിക സംഘർഷം നേരിടുന്നതായി അധികൃതർ പറയുന്നു. രക്ഷിതാക്കൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട കാര്യങ്ങൾ വിവരിക്കുമ്പോൾ കുട്ടികൾ ഭയചകിതരായി ഇരിക്കുകയാണെന്ന് അധ്യാപകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.