ഉരുൾപൊട്ടിയ അന്തോണിയാർ കോളനി വർഷങ്ങളായി മണ്ണിടിച്ചിൽ ഭീഷണിയിൽ
text_fieldsമൂന്നാർ: 19 വർഷമായി മണ്ണിടിച്ചിൽ ഭീഷണിയുടെ നിഴലിലാണ് മൂന്നാർ അന്തോണിയാർ കോളനി നിവാസികൾ. നല്ലതണ്ണിയിലേക്കുള്ള പാതയിലാണ് അന്തോണിയാർ കോളനി. 2005ലാണ് ഇവിടെ ഉരുൾപൊട്ടലുണ്ടായി അഞ്ചുപേർ മരിച്ചത്. ആറുവീട് അന്ന് നശിച്ചു. 23 കുടുംബമാണ് താമസിക്കുന്നത്. പ്രദേശത്ത് നടത്തിയ പഠനത്തിൽ സ്ഥിരം അപകട ഭീഷണിയുള്ളതായി കണ്ടെത്തി. അപകടാവസ്ഥയിലായ പ്രദേശത്തുനിന്ന് താമസക്കാരെ മാറ്റി പാർപ്പിക്കുമെന്ന് അന്ന് സർക്കാർ പ്രഖ്യാപിക്കുകയും പുനരധിവാസത്തിനായി രാജീവ് ഗാന്ധി കോളനിയിൽ ഭൂമി കണ്ടെത്തുകയും ചെയ്തു.
എന്നാൽ, പുനരധിവാസ പദ്ധതിയുടെ നടപടി നീണ്ടപ്പോൾ കണ്ടെത്തിയ ഭൂമി കൈയേറ്റക്കാർ സ്വന്തമാക്കി. ഇതോടെ പദ്ധതി ഫയലിലായി. പോകാൻ മറ്റൊരിടമില്ലാതെ നാട്ടുകാർ ഇവിടെ തന്നെ 19 വർഷമായി കഴിയുന്നത്. 2005ലെ ഉരുൾപൊട്ടലിനുശേഷം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി എന്നിവ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിക്കാൻ അമൃത വിശ്വവിദ്യാപീഠത്തിലെ ഗവേഷകർ വികസിപ്പിച്ച എ.ഐ ലാൻഡ് സ്ലൈഡ് മോണിറ്ററിങ് സംവിധാനം 2009ൽ അന്തോണിയാർ കോളനിയിൽ സ്ഥാപിച്ചിരുന്നു. മോണിറ്ററിങ് സംവിധാനത്തിൽ മുന്നറിയിപ്പ് വന്നാൽ ഇവിടെയുള്ളവരെ കാമ്പുകളിലേക്ക് മാറ്റുന്നതാണ് ഇപ്പോഴത്തെ രീതി.
സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് നടപ്പാക്കുകയാണ് ശാശ്വത പരിഹാരം. അന്തോണിയാർ കോളനിയിലുള്ളവർ മഴ ശക്തമായ സാഹചര്യത്തിൽ ഒരു മാസമായി മൗണ്ട് കാർമൽ ഓഡിറ്റോറിയത്തിലെ ക്യാമ്പിലും ബന്ധുവീടുകളിലുമാണ് നിലവിൽ കഴിയുന്നത്. മഴ മാറിയ ശേഷം വീടുകളിലേക്ക് വീണ്ടും എത്തും.
വീടുകളിലേക്ക് മടങ്ങാനാകാതെ 21 കുടുംബം
മൂന്നാർ: കാലവർഷത്തിലെ അപകടഭീഷണി മറികടക്കാൻ 21 ആദിവാസി കുടുംബത്തെ താമസിപ്പിച്ചിരിക്കുന്നത് വനം വകുപ്പ് താൽക്കാലികമായി നിർമിച്ചു നൽകിയ രണ്ട് ഷെഡിൽ.
മാങ്കുളം പഞ്ചായത്തിലെ കുത്തുകുടി (മാങ്ങാപ്പാറ) ആദിവാസി കോളനിയിലെ കുടുംബങ്ങളാണ് മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് വീടുകൾ ഉപേക്ഷിച്ച് ആഴ്ചകളായി വനംവകുപ്പ് നിർമിച്ച ഷെഡുകളിൽ കഴിയുന്നത്. ശുചിമുറി ഉൾപ്പെടെ അനുബന്ധ സൗകര്യം ഇവിടില്ല. മഴക്കാലം കഴിഞ്ഞാലും അപകടാവസ്ഥയിലുള്ള വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയാണിവർക്ക്.
മഴക്കാലമായതിനാൽ വനവിഭവങ്ങൾ ശേഖരിക്കാനോ കൂലിപ്പണിക്ക് പോകാനോ കഴിയുന്നില്ല. തൊഴിലുറപ്പ് ജോലികൾക്കായി പേരു ചേർത്തിട്ടില്ലെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.