പെട്ടിമുടി ദുരന്തം; കണ്ണൻദേവൻ കമ്പനി തൊഴിലാളികൾക്ക് ബോണസ് നൽകി
text_fieldsമൂന്നാർ: കണ്ണൻദേവൻ കമ്പനി (കെ.ഡി.എച്ച്.പി) തോട്ടം തൊഴിലാളികൾക്ക് 2019-20 സാമ്പത്തിക വർഷത്തിലെ 12 ശതമാനം ബോണസ് വിതരണം ചെയ്തു.
പെട്ടിമുടി ദുരന്ത പശ്ചാത്തലത്തിൽ വൻതുക ദുരിതാശ്വാസത്തിനും ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനും മറ്റുമായി ചെലവഴിച്ചിട്ടും തൊഴിലാളികളുടെ ആനുകൂല്യങ്ങളിൽ കുറവുവരുത്താതെയാണ് ബോണസ് നിശ്ചയിച്ചത്. 22 ലയങ്ങളിൽനിന്ന് 82പേരാണ് പെട്ടിമുടിയിൽ ദുരന്തത്തിനിരയായത്. ഇതിൽ 18പേർ കമ്പനി തൊഴിലാളികളാണ്. മറ്റ് ലയങ്ങളിൽ താമസിച്ചിരുന്ന 200 പേരെ മറ്റ് എസ്റ്റേറ്റുകളിലേക്ക് സുരക്ഷിതമായി അന്നുതന്നെ മാറ്റി. സബ് കലക്ടറുടെയും എം.പി-എം.എൽ.എമാരുടെയും നേതൃത്വത്തിൽ നൂറുകണക്കിന് ആളുകളാണ് ഒരോ ദിവസവും രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. ഇവർക്കുവേണ്ട സഹായ- സംവിധാനങ്ങൾ നൽകിയതായി കെ.ഡി.എച്ച്.പി കമ്പനി അധികൃതർ പറഞ്ഞു. സ്ഥലത്ത് കൺട്രോൾ റൂം തുറന്നാണ് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ സാനിറ്റൈസറുകൾ, മാസ്ക്, ഗ്ലൗസ്, ഫസ്റ്റ് എയ്ഡ് ബോക്സ്, മഴക്കോട്ടുകൾ എന്നിവയെല്ലാം വിതരണം ചെയ്തിരുന്നു. 600ലധികം വരുന്ന രക്ഷാപ്രവർത്തകർക്ക് രാവിലെയും ഉച്ചക്കും വൈകീട്ടും ഭക്ഷണം വിതരണം നടത്തി.
കമ്പനിയുടെ മാനേജിങ് ഡയറക്ടർ അടക്കം ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനത്തിനും നേതൃത്വം നൽകി. പെട്ടിമുടിയിൽനിന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക് ആഹാരം, വസ്ത്രം എന്നിവ നൽകുന്നതിനൊപ്പം മറ്റ് സ്ഥലങ്ങളിൽ ജോലി നൽകിയതായും കമ്പനി അധികൃതർ അറിയിച്ചു.
മരിച്ച തൊഴിലാളികളുടെ ആശ്രിതർക്ക് പ്രഖ്യാപിച്ച അഞ്ചുലക്ഷം വീതം തുക ഉടൻ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.