നൂറ്റാണ്ടിന്റെ കഥപറയുന്ന കാറുകൾ മൂന്നാറിൽ
text_fieldsമൂന്നാർ: പഴമയുടെ ഒരായിരം കഥകൾ കാത്തുവെച്ചിരിക്കുന്ന മൂന്നാറിൽ, നൂറ്റാണ്ടുമുമ്പ് ഇന്ത്യന്‍ നിരത്തുകളെ ആവേശം കൊള്ളിച്ച പഴയ കാറുകളുടെ സംഗമം വേറിട്ട അനുഭവമായി. പഴക്കമുള്ള കാറുകള്‍ സ്വന്തമാക്കിയ വാഹന ഉടമകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ 'ട്രെയില്‍ ഓഫ് സൗത്ത്' എന്ന പേരിലുള്ള പരിപാടിയുടെ ഭാഗമായാണ് 16 കാറുകള്‍ മൂന്നാറിലെത്തിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കാറുള്ള യാത്രയാണിത്. വിവിധ ഇടങ്ങളില്‍ നിന്നുള്ള കാറുകള്‍ കോയമ്പത്തൂരില്‍ എത്തിയ ശേഷമാണ് മൂന്നാറിലേക്ക് തിരിച്ചത്. മൂന്നാറില്‍ അധികമൊന്നും പരിചിതമല്ലാത്ത കാര്‍ നിർമാണരംഗത്തെ അതികായരുടെ വാഹനങ്ങളാണ് തേയിലക്കാടുകള്‍ക്കിടയിലൂടെ ഓടിയെത്തിയത്.
ആഗോള കാര്‍ നിർമാണ രംഗത്തെ വമ്പന്മാരായ ജര്‍മന്‍ കമ്പനിയായ ഫോക്സ്വാഗണ്, ബെന്‍സ്, ബ്രീട്ടീഷ് കമ്പനിയായ മോറിസ്, ഇറ്റാലിയന്‍ കമ്പനിയായ ഫിയറ്റ്, അമേരിക്കന്‍ കമ്പനിയായ ഷെവ്റോലെറ്റ് കമ്പനികള്‍ നൂറുവര്‍ഷം മുമ്പ് നിരത്തിലിറക്കിയ കാറുകളായിരുന്നു ഇതെല്ലാം. പിന്‍ഭാഗത്ത് എന്ജിന് ഘടിപ്പിച്ച ഫോക്സ്വാഗണ് കമ്പനിയുടെ വാനും ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിങ് വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇതിൽ വാനിന്റെ ഉള്‍വശത്ത് കിടക്കയും ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്വകാര്യ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചതിനാല്‍ അപൂര്‍വ കാറുകള്‍ കാണാൻ പൊതുജനങ്ങള്‍ക്ക് അവസരമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.