ജോലി വാഗ്ദാനംചെയ്ത് ദമ്പതികൾ 45.20 ലക്ഷം തട്ടിയതായി പരാതി
text_fieldsമൂന്നാർ: കേന്ദ്രസർക്കാറിന് കീഴിലുള്ള വിവിധ ഓഫിസുകളിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നാർ സ്വദേശികളായ ദമ്പതികൾ 45.20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മൂന്നാർ ലക്ഷംകോളനിയിൽ താമസിക്കുന്ന അംബയുടെ മകൻ അരുൺ ദിനകരൻ, ഭാര്യ ജെൻസി എന്നിവരും ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ ചെന്നൈ വേലച്ചേരി സ്വദേശിനിയും ഭിന്നശേഷിക്കാരിയുമായ തനിഷ്ക ജ്ഞാനപ്രകാശാണ് മൂന്നാർ ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്.
കബളിപ്പിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ പണം തിരിച്ചുചോദിച്ച തനിഷ്കക്ക് മൂന്നാർ ടൗണിലെ സർക്കാർ ഭൂമിയും അതിന്റെ വ്യാജപ്പട്ടയവും കാണിച്ച് സ്വന്തം ഭൂമിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീണ്ടും കബളിപ്പിക്കാൻ ശ്രമിച്ചു. ഈ സ്ഥലം ഉടൻ വിറ്റ് പണം നൽകാമെന്നായിരുന്നു വാഗ്ദാനം. ഒറിജിനൽ പട്ടയം ബാങ്കിലാണെന്നും അത് തിരികെ എടുക്കാനെന്നും പറഞ്ഞ് തനിഷ്കയിൽനിന്ന് 1.10 ലക്ഷം വീണ്ടും വാങ്ങി.
തനിഷ്ക ബന്ധുക്കളായ നാലുപേർക്ക് ജോലി ലഭിക്കാനാണ് 2019ൽ കോയമ്പത്തൂരിൽ റിജെംസ് സൊലൂഷൻസ് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന അരുണിനെയും ജെൻസിയെയും സമീപിച്ചത്. ആദ്യം 10,000 രൂപയും പിന്നീട് പല ഗഡുക്കളായി 35.20 ലക്ഷവും അരുണിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകി. ഒട്ടേറെ അവധികൾ പറഞ്ഞശേഷം ഒടുക്കം ഇൻകംടാക്സ് വകുപ്പിൽ ജോലി ലഭിച്ചതായി അറിയിക്കുകയും വകുപ്പിന്റെ ലെറ്റർപാഡിൽ വ്യാജമുദ്രയും സീലും പതിച്ച നിയമന ഉത്തരവ് നൽകുകയും ചെയ്തു. ഇതോടൊപ്പം മറ്റൊരാൾക്ക് നൽകിയത് ഇന്ത്യൻ എംബസിയിലെ നിയമന ഉത്തരവായിരുന്നു. എന്നാൽ, ഇവർ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് ഈ ഉത്തരവുകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
ഇതോടെ തനിഷ്ക പണം തിരികെ ആവശ്യപ്പെട്ടതിനെത്തുടർന്ന് അരുൺ വണ്ടിച്ചെക്ക് നൽകിയും കബളിപ്പിച്ചു. തുടർന്ന് തനിഷ്കയും ഭർത്താവും മൂന്നാറിലെത്തി പണം ആവശ്യപ്പെട്ടു. ഈ സമയത്താണ് അരുണിന്റെ ബന്ധുവായ പനീർ മൂന്നാർ സൈലന്റ്വാലി റോഡിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെയുള്ള സർക്കാർ ഭൂമി കാണിച്ച് തന്റേതാണെന്നും ഉടൻ വിൽപന നടത്തി പണം നൽകാമെന്നും പറഞ്ഞത്. ഇത് വിൽക്കാനുള്ള പ്രാരംഭ ചെലവിനെന്ന് പറഞ്ഞ 1.10 ലക്ഷം രൂപ വാങ്ങുകയും ചെയ്തു.
വീണ്ടും പണം ആവശ്യപ്പെട്ട് മൂന്നാറിലെത്തിയ തനിഷ്കയെ പ്രതികൾ ഭീഷണിപ്പെടുത്തിയതായും ഇവരുടെ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.