റിമാൻഡ് പ്രതികളെ പീരുമേട് എത്തിക്കണമെന്ന വ്യവസ്ഥ; സഞ്ചരിക്കേണ്ടത് നൂറിലധികം കിലോമീറ്റർ
text_fieldsമൂന്നാർ: ജില്ലയിൽ റിമാൻഡ് ചെയ്യപ്പെടുന്ന പ്രതികളെ നൂറിലധികം കിലോമീറ്റർ അകലെയുള്ള പീരുമേട് സബ് ജയിലിൽ എത്തിക്കണമെന്ന വ്യവസ്ഥ പൊലീസുകാർക്ക് വിനയാകുന്നു.
പ്രതികളുടെ കോവിഡ് പരിശോധന കേന്ദ്രമായി പീരുമേട് ജയിലിനെ തീരുമാനിച്ചതാണ് സർക്കാറിനും ഉദ്യോഗസ്ഥർക്കും ഒരുപോലെ ബുദ്ധിമുട്ടായിരിക്കുന്നത്. ജില്ല ജയിൽ തൊടുപുഴ മുട്ടത്തും സബ്ജയിലുകൾ ദേവികുളം, പീരുമേട് എന്നിവിടങ്ങളിലുമാണ്. മുമ്പ് അതത് മേഖലകളിലെ റിമാൻഡ് പ്രതികളെ അവിടെയുള്ള ജയിലുകളിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, ഒന്നര വർഷമായി കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമായി സബ്ജയിൽ മാറ്റിയതോടെ ജില്ലയിൽ എവിടെ അറസ്റ്റ് നടന്നാലും പ്രതിയെ പീരുമേട്ടിൽ എത്തിക്കണം.
ജില്ല അതിർത്തിയായ മറയൂർ പൊലീസ് സ്േറ്റഷൻ മുതൽ തൊടുപുഴ വരെയുള്ള റിമാൻഡ് പ്രതികളെ 150 ലധികം കിലോമീറ്റർ സഞ്ചരിച്ച് വേണം പീരുമേട്ടിൽ എത്തിക്കാൻ. അവിടെ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് ആണെങ്കിൽ തിരിച്ച് അതത് ജയിലുകളിലേക്ക് മാറ്റണം. പോസിറ്റിവ് ആണെങ്കിൽ പീരുമേട് ജയിലിൽ ക്വാറൻറീനിൽ കഴിയണം.
ഈ വിചിത്രമായ നടപടി മൂലം പൊതു ഖജനാവിന് വൻനഷ്ടമാണ് ഉണ്ടാകുന്നത്. ഓരോ പ്രതിയേയും പരിശോധനക്കായി പൊലീസ് വാഹനത്തിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം. ഒരുദിവസത്തിലധികം ഉദ്യോഗസ്ഥർ ഇതിനായി ഡ്യൂട്ടി സമയം മാറ്റിെവക്കണം. അധിക ചെലവ് വേറേയും.
അറസ്റ്റ് രേഖപ്പെടുത്തുന്ന പൊലീസ് സ്റ്റേഷെൻറ പരിധിയിലുള്ള ആശുപത്രികളിൽ പ്രതികളെ കോവിഡ് പരിശോധന നടത്തിയശേഷം പൊസിറ്റിവ് ആണെങ്കിൽ മാത്രം പീരുമേട്ടിലേക്ക് കൊണ്ടുപോകുന്നതാണ് നല്ലതെന്ന് അഭിപ്രായമുണ്ട്.
ഇടുക്കി പോലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഉള്ള ജില്ലയിൽ നടപ്പാക്കിയിരിക്കുന്ന ചട്ടം ഭേദഗതി ചെയ്യണമെന്ന് ആവശ്യം ശക്തമാകുകയാണ്. മറ്റ് ജില്ലകളിൽ രണ്ടും മൂന്നും ജയിലുകളിൽ പരിശോധന സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതുപോലെ ഇടുക്കിയിലും നടപ്പാക്കിയാൽ ഇന്ധന ചെലവ് അടക്കം കാര്യങ്ങൾ ലാഭിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.