അടിപിടിക്കേസിലെ പ്രതികൾ ആംബുലൻസ് തകർത്തു; ഡ്രൈവർക്ക് മർദനം
text_fieldsമൂന്നാർ: അടിപിടിക്കേസിലെ പ്രതികളെ പൊലീസ് ആശുപത്രിയിൽ കൊണ്ടുപോകുംവഴി ആംബുലൻസ് തകർത്തു. ടാറ്റാ ജനറൽ ആശുപത്രിയിൽനിന്ന് അടിമാലിയിലേക്ക് പോകുമ്പോഴാണ് സംഭവം. വ്യാഴാഴ്ച രാത്രി കണ്ണൻദേവൻ കമ്പനിയുടെ ലക്ഷ്മി എസ്റ്റേറ്റിലെ ചെക്ക്പോസ്റ്റിൽ നടന്ന അടിപിടിയിൽ നല്ലതണ്ണി എസ്റ്റേറ്റിലെ സജ്ജയ് (40), സുഭാഷ് (41), ശിവകുമാർ (46), ലക്ഷ്മി എസ്േറ്ററ്റ് മിഡിൽ ഡിവിഷൻ സുരേഷ് കുമാർ (44) എന്നിവർക്ക് പരിക്കേറ്റിരുന്നു.
ഇവർക്കെതിരെ കേസെടുത്ത പൊലീസ് എല്ലാവരെയും ടാറ്റാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നല്ലതണ്ണി സ്വദേശികളായ മൂന്നുപേർ ആശുപത്രിയിൽ ബഹളമുണ്ടാക്കി. ഇതോടെ ആശുപത്രി അധികൃതർ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് ഇവരെ മാറ്റാൻ നടപടി സ്വീകരിച്ചു. ജനറൽ ആശുപത്രിയുടെ തന്നെ ആംബുലൻസിൽ ഇവരെ അടിമാലിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇവർ അക്രമാസക്തരായി.
വാഹനത്തിെൻറ ചില്ലുകൾ അടിച്ചുതകർക്കുകയും ഡ്രൈവറുടെ കാബിൻ പൊളിക്കുകയും ചെയ്തു. ഇതോടെ ആംബുലൻസ് ഡ്രൈവർ രാജേഷ് ഖന്ന പൊലീസ് സഹായം തേടി. പാതിവഴിയിൽ പ്രതികളുടെ മർദനമേറ്റ് അവശനായ ഡ്രൈവറെ മൂന്നാറിൽനിന്ന് പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. അടിമാലി താലൂക്ക് ആശുപത്രി കോവിഡ് ചികിത്സ കേന്ദ്രമായതിനാൽ ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിശദമായ പരിശോധനയിൽ സജ്ജയുടെ തലക്ക് പൊട്ടൽ കണ്ടതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. എന്നാൽ, അതിനെയും എതിർത്ത പ്രതികൾ പൊലീസുമായി വാക്കേറ്റമുണ്ടായി. ഒടുവിൽ ബലം പ്രയോഗിച്ചാണ് പൊലീസ് സജ്ജയിനെ തങ്ങളുടെ വാഹനത്തിൽ കോട്ടയത്തേക്ക് കൊണ്ടുപോയത്.
ആംബുലൻസ് ഡ്രൈവർ രാജേഷ് ഖന്നയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആംബുലൻസ് തകർത്തതിനും ദേഹോപദ്രവം ഏൽപിച്ചതിനും സജ്ജയിനെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.